തിരുവനന്തപുരം: സിബിഎസ്‌ഇ, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളിൽ തിരുവനന്തപുരത്തിന് അഭിമാന നേട്ടം. ഉജ്വല വിജയമാണ് ഓരോ പരീക്ഷ ഫലവും തിരുവനന്തപുരം മേഖലയ്‌ക്ക് സമ്മാനിച്ചത്. ദേശീയ തലത്തിലെ ആദ്യ റാങ്കുകൾ നിരവധിയാണ് ഇത്തവണ തിരുവനന്തപുരം സ്വദേശികള്‍ സ്വന്തമാക്കിയത്.
സിബിഎസ്‌ഇ പ്ലസ് ടു വിഭാഗത്തിലും പത്താം ക്ലാസ് പരീക്ഷയിലും ദേശീയതലത്തിൽ ഏറ്റവും ഉയർന്ന വിജയം, ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം വിജയമാണ് പ്ലസ് ടു വിഭാഗത്തിൽ തിരുവനന്തപുരം മേഖല നേടിയത്. പത്താം ക്ലാസ് വിഭാഗത്തിൽ 99.68 ശതമാനമാണ് വിജയം.
ഐഎസ്‌സി ഫലം പുറത്ത് വന്നപ്പോഴും തിരുവനന്തപുരത്തിന്‍റെ നേട്ടം വലുതാണ്. മെറിറ്റ് പൊസിഷനിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ്. ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടും മൂന്നും റാങ്കുകൾ നേടിയത് തിരുവനന്തപുരം മുക്കോലയ്‌ക്കൽ സെന്‍റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ്.
എസ്.ജെ ആതിര ദേശീയതലത്തിൽ രണ്ടാം റാങ്കും, ഗൗരി അരുൺ മൂന്നാം റാങ്കും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും റാങ്കുകളും ഇവർക്കാണ്. ഇതേ സ്‌കൂളിലെ വിഷ്‌ണു വി പ്രഭുവിനാണ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക്. വിജയ ശതമാനം ഉയർത്തുന്നതിനൊപ്പം ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം വർധിപ്പിക്കാനും ഇത്തവണ തിരുവനന്തപുരം ജില്ലയ്‌ക്കും മേഖലയ്‌ക്കും സാധിച്ചു.
വെങ്ങാനൂർ എസ്‌എഫ്‌എസ് സ്‌കൂൾ സിബിഎസ്‌ഇ 10, 12 ക്ലാസുകളിൽ 100% വിജയം നേടി. ആക്കുളം എംജിഎം പബ്ലിക് സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ 346 പേരിൽ 234 പേർക്കും ഡിസ്റ്റിങ്‌ഷൻ ലഭിച്ചു. സമാനമാണ് ജില്ലയിലെ മറ്റ് പ്രമുഖ സ്‌കൂളുകളുടെയും വിജയക്കണക്കുകൾ.
അധ്യാപകരുടെ മികച്ച പരിശീലനവും കുട്ടികളുടെ ചിട്ടയായ പഠനവുമാണ് നേട്ടത്തിന് പിന്നിലെന്നാണ് സ്‌കൂളുകൾ വിലയിരുത്തുന്നത്.