തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന കോഴിക്കോട് ജില്ലയിലെ രണ്ട് ക്വാറികളും കാസര്‍കോട് ജില്ലയിലെ ഒരു ക്വാറിയും പൂട്ടിച്ചു. അമിതഭാരം കയറ്റിയ 92 ലോറികളും ഇ പാസ് ഇല്ലാത്ത 52 വാഹനങ്ങളും പിടികൂടി. 13.5 ലക്ഷം രൂപ പിഴ ഈടാക്കിയതായും വിജിലന്‍സ് അറിയിച്ചു. അനധികൃത ഖനനത്തിനും നികുതിവെട്ടിപ്പിനും ഉദ്യോഗസ്ഥരുടെ ഒത്താശയുളളതായും വിജിലന്‍സ് കണ്ടെത്തി.
ഓപ്പറേഷന്‍ അധിക് ഖനന്‍ എന്ന പേരില്‍ ബുധനാഴ്ച രാവിലെ 6 30 ഓടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പാറഖനനം സംസ്ഥാനവ്യാപകമായി നടക്കുന്നതായുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. അമിതവിലയും അധികഭാരവും നികുതിവെട്ടിപ്പും വ്യാപകമായി കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ജി എസ് ടി ഇനത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കി ക്വാറികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും വിജിലന്‍സ് വ്യക്തമാക്കി.