തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റജില്‍ കെ.സി സംവിധാനം ചെയ്ത കള്ളന്‍ മറുതയാണ് മികച്ച ടെലി ഫിലിം. ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്ത കഥയറിയാതെ ടെലിസീരിയലിലെ അഭിനയത്തിന് ശിവജി ഗുരുവായൂരിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ചക്കപ്പഴം സീരിയലിലെ അഭിനയത്തിന് അശ്വതി ശ്രീകാന്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.
Also Read: പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുമെന്ന് റിപ്പോര്‍ട്ട്
മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യനേയും മികച്ച രണ്ടാമത്തെ നടനായി റാഫിയെയും തെരഞ്ഞെടുത്തു. സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2020 ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാകുന്ന സൃഷ്ടികള്‍ ഇല്ലാത്തതിനാല്‍ മികച്ച ടെലിസീരിയല്‍, മികച്ച സംവിധായകന്‍ വിഭാഗത്തില്‍ പുരസ്കാരങ്ങൾ ഒഴിവാക്കി.
ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത ഒരിതള്‍ എന്ന പരിപാടിയിലെ അഭിനയത്തിന് ഗൗരി മീനാക്ഷിയെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു. ശരണ്‍ ശശിധരനാണ് മികച്ച ഛായാഗ്രാഹകന്‍. വിഷ്ണു വിശ്വനാഥന്‍ മികച്ച ചിത്രസംയോജകനായും വിനീഷ് മണി മികച്ച സംഗീത സംവിധായകനായും പുരസ്കാരത്തിന് അർഹരായി.
കഥേതര വിഭാഗത്തില്‍ നന്ദകുമാര്‍ തോട്ടത്തില്‍ സംവിധാനം ചെയ്ത ദി സീ ഓഫ് എക്സ്റ്റസി മികച്ച ജനറല്‍ ഡോക്യുമെന്‍ററിയായി തെരഞ്ഞെടുത്തു. ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഭാഗത്തില്‍ കെ. രാജേന്ദ്രന്‍ സംവിധാനം ചെയ്ത അടിമത്തത്തിന്‍റെ രണ്ടാം വരവാണ് മികച്ച ഡോക്യുമെന്‍ററി. ബയോഗ്രഫി വിഭാഗത്തില്‍ ബിജു മുത്തത്തി സംവിധാനം ചെയ്ത കരിയനാണ് പുരസ്‌കാരം. വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ വിഭാഗത്തില്‍ റിയ ബേബി സംവിധാനം ചെയ്ത ഐ ഐ സുധയാണ് മികച്ച ഡോക്യുമെന്‍ററി. എഡ്യുക്കേഷണല്‍ പ്രോഗ്രാം വിഭാഗത്തില്‍ ഡോ. ജിനേഷ് കുമാര്‍ എരമം മികച്ച ആങ്കറായി.
മനോര ന്യൂസിലെ ജെയ്‌ജി മാത്യുവാണ് മികച്ച ന്യൂസ് ക്യാമറാമാന്‍. മികച്ച വാര്‍ത്താ അവതാരിക ന്യൂസ് 18 കേരളത്തിലെ രേണുക എം.ജി. 24 ന്യൂസിലെ കെ.ആര്‍. ഗോപീകൃഷ്ണനാണ് മികച്ച ഇന്‍റർവ്യൂവര്‍. മീഡിയാ വണ്‍ ചാനലിലെ മുഹമ്മദ് അസ്ലമിന് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചു.
ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ ജൂറി കടുത്ത ആശങ്ക പങ്കുവച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വീടുകളില്‍ കുടുബാംഗങ്ങല്‍ ഒരുമിച്ചിരുന്നു കാണുന്ന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തണം. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.