തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ഉദയഗിരി സ്വദേശി അനീഷ് പി.ബിക്കാണ് മികച്ച കർഷകനുള്ള പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.
മലപ്പുറം കരിഞ്ചാപ്പാടി സ്വദേശി പി.സൈഫുള്ളയാണ് മികച്ച യുവ കർഷകൻ. കാസർകോട് സ്വദേശി എം.ശ്രീവിദ്യ മികച്ച യുവ കർഷകയായും തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ നീലംപേരൂർ 24000 കായൽ പാടശേഖര സമിതിക്കാണ് മികച്ച ഗ്രൂപ്പ് ഫാമിംഗിനുള്ള പുരസ്‌കാരം. മിത്രാ നികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്‌കാരമാണ് ഗ്രൂപ്പ് ഫാമിംഗിന് നൽകി വരുന്നത്. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ഭിന്നശേഷിക്കാരായ കർഷകരായ വയനാട് വെള്ളമുണ്ട സ്വദേശി കുംഭാമ്മ, കണ്ണൂർ മേൽമുറി സ്വദേശി അരുൺ.കെ, തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ശ്രീധരൻ എന്നിവരെ ആദരിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.