തിരുവനന്തപുരം: കേരളത്തിൽ വനിത സ്‌റ്റാർട്ടപ്പുകൾക്ക് കൂടുതൽ നിക്ഷേപം ഉറപ്പാക്കുമെന്ന് കേരള സ്‌റ്റാർട്ടപ്പ് മിഷൻ. അന്താരാഷ്‌ട്ര വനിത ദിനത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരള സ്‌റ്റാർട്ടപ്പ് മിഷന്‍റെ വാഗ്ദാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വനിത സംരഭംകരുടെയും സ്‌റ്റാർട്ടപ്പുകളുടെയും എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
കുതിച്ചുയർന്ന് വനിത സ്‌റ്റാർട്ടപ്പുകൾ: ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംരംഭകർക്ക് വിവിധ നൂതന പരിപാടികളിലൂടെ നിക്ഷേപങ്ങൾ സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 2023 ലെ ആദ്യ മൂന്നുമാസങ്ങൾക്കുള്ളിൽ കേരള സ്‌റ്റാർട്ടപ്പ് മിഷനു കീഴിലുള്ള വനിത സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 233 ആയാണ് ഉയർന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷത്തെ നാല് പാദങ്ങളിലും 175 സംരംഭങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ഏകദേശം 250 സ്‌റ്റാർട്ടപ്പുകൾക്ക് വേണ്ട ഫണ്ട് സുരക്ഷിതമാക്കാനാണ് കേരള സ്‌റ്റാർട്ടപ്പ് മിഷന്‍റെ തീരുമാനം.
ഇതുകൂടാതെ 2030 ഓടെ 1000 ലധികം വനിത സ്‌റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാനും കേരള സ്‌റ്റാർട്ടപ്പ് മിഷൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വനിത എയ്‌ഞ്ചൽ നിക്ഷേപക ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും കേരള സർക്കാരിന്‍റെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായ കെ എസ് യു എം അറിയിച്ചു. കഴിഞ്ഞ വർഷം വനിത സ്‌റ്റാർട്ടപ്പുകൾക്കായി 1.73 കോടി രൂപ ധനസഹായം നൽകുകയും ഒരു കോടി രൂപയോളം വായ്‌പയായി നൽകുകയും ചെയ്‌തിരുന്നു.
Also read: പ്രതിസന്ധികളെ അവസരമാക്കി; ഇടുക്കി സ്വദേശി ഷൈനി എബ്രഹാമിന്‍റെ വിജയകഥ പ്രചോദനമാണ്
സംരംഭകർക്കുള്ള ധനസഹായ രീതികൾ: ഈ കാലയളവിൽ വനിതകൾക്കായി നടത്തിയ മാനേജ്‌മെന്‍റ് പരിശീലന പരിപാടിയിൽ 26 സ്‌റ്റാർട്ടപ്പ് സ്ഥാപകരാണ് പങ്കെടുത്തിരുന്നത്. ഇതിൽ 95 ശതമാനത്തോളം സ്ഥാപകരും പ്രൊഫഷണലുകളും അഞ്ച് ശതമാനം വിദ്യാർഥികളുമാണ്. 12 ലക്ഷം രൂപ വരെയുള്ള ഉത്‌പാദന ഗ്രാന്‍റ്, 20 ലക്ഷം രൂപ വരെയുള്ള സ്‌കെയിലപ്പ് ഗ്രാൻഡ്, രണ്ട് വർഷത്തെ മൊറട്ടോറിയം കാലയളവുള്ള സോഫ്‌റ്റ് ലോണുകൾ, 10 ലക്ഷം രൂപ വരെയുള്ള ടെക്‌നോളജി സ്‌റ്റാർട്ടപ്പ് സപ്പോർട്ട് എന്നിങ്ങനെയുള്ളവയാണ് ധനസഹായ പിന്തുണയിൽ ഉൾപ്പെടുന്നത്.
വുമൻ ഇൻ എന്‍റർപ്രണർഷിപ്പ് പ്രോഗ്രാം: ഈ മേഖലയിൽ സ്‌ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഇൻകുബേഷൻ കോഹോർട്ടുകൾ, ബൂട്ട് കാമ്പുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങി നിരവധി പരിപാടികളും കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്നുണ്ട്. കെ എസ് യു എം ന്‍റെ 'വിമൻ ഇൻ എന്‍റർപ്രണർഷിപ്പ്' പ്രോഗ്രാം സംരംഭങ്ങൾ തുടങ്ങുന്നതിന് സ്‌ത്രീകളെ സാങ്കേതിക - സാമ്പത്തിക - ബിസിനസ് ബന്ധങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതായി രൂപം കൊടുത്തിട്ടുള്ളതാണ്.
Also read: രാജ്യത്തിന് കാവലാകാനുള്ള അഭിനിവേശം ഉള്‍ക്കരുത്ത് ; കഠിന പരിശീലനത്തില്‍ 100 വനിത അഗ്‌നിവീരര്‍