തിരുവനന്തപുരം : 45 മണിക്കൂര്‍ നീണ്ട ഉദ്വോഗഭരിതമായ കാത്തിരിപ്പിനൊടുവില്‍ ബാബുവിനെ സുരക്ഷിതമായി ജീവിതത്തിലേക്ക് പിടിച്ചുകയറ്റി മറ്റൊരു രക്ഷാ ദൗത്യം കൂടി ഇന്ത്യന്‍ കരസേന വിജയകരമായി പൂര്‍ത്തിയാക്കി. സൈനികരെ കെട്ടിപ്പിടിച്ച് ബാബു മാറി മാറി ഉമ്മ വയ്ക്കുന്നതും സൈനികര്‍ക്കൊപ്പം ജന്ത്യന്‍ ആര്‍മിക്കും ഭാരതാംബയ്ക്കും കയ്യുയര്‍ത്തി ജയ് വിളിക്കുന്നതുമായ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണിപ്പോള്‍.
പാലക്കാട് ജില്ലയിലെ മലമ്പുഴ ചെറാട് സ്വദേശി 23 കാരനായ ബാബു അപകടത്തില്‍പ്പെട്ടതിന്‍റേയും രക്ഷാ പ്രവര്‍ത്തനങ്ങളുടെയും നാള്‍വഴി ഇങ്ങനെ:
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാബുവും സുഹൃത്തുക്കളും മലമ്പുഴ എലിച്ചിരം കുമ്പാച്ചി മല കയറാന്‍ തുടങ്ങി. മലയുടെ ഉയരം ഒരു കിലോമീറ്റര്‍. മലകയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്ക് വിശ്രമിക്കാനിരുന്നെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. തിരിച്ച് സുഹൃത്തുക്കള്‍ക്കടുത്തേക്ക് മടങ്ങുന്നതിനിടെ കാല്‍വഴുതി കീഴ്ക്കാം തൂക്കായ മലയിടുക്കിലെ പാറയ്ക്കിടയില്‍ കുടുങ്ങി.
ബാബു മൊബൈല്‍ ഫോണില്‍ അപകട വിവരം സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിച്ചു. ഫയര്‍ ഫോഴ്‌സിനെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. മൊബൈലില്‍ ലൈറ്റ് തെളിച്ചും ഷര്‍ട്ട് ഉയര്‍ത്തി വീശിയും രാത്രിയിലടക്കം സാന്നിധ്യം അറിയിച്ചു. തിങ്കഴാഴ്ച രാത്രിയോടെ വനം പൊലീസ്, അഗ്നി ശമന സേന, ഉദ്യോഗസ്ഥരുടെ സംഘം മലകയറിയെങ്കിലും ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ മടങ്ങി.
തിങ്കഴാഴ്ച വൈകിട്ടോടെ ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പാറയില്‍ ഇറക്കാനാകാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയും തടസമാവുകയും ചെയ്‌തു.
ചൊവ്വാഴ്ച രാവിലെ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. പാറയില്‍ കയറിറക്കി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെ പര്‍വ്വതാരോഹകരടങ്ങിയ കരസേനയുടെ രണ്ട് സംഘങ്ങള്‍ ബെംഗളൂരുവില്‍ നിന്നും ഊട്ടി വെല്ലിംഗ്‌ടണില്‍ നിന്നും സംഭവസ്ഥലത്തെത്തി രക്ഷാ ദൗത്യം ആരംഭിച്ചു. മലയാളിയായ ലഫ്റ്റനന്‍റ് കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഇതോടൊപ്പം ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും.
ALSO READ: ഏറ്റുമാനൂരിലെ ജനം അഭിമാനത്തോടെ പറയുന്നു, ഹേമന്ദ് രാജ് ഈ നാടിന്‍റെ പുത്രൻ
ബുധനാഴ്ച രാവിലെ 10.30 ഓടെ ആ ശുഭ വാര്‍ത്തയെത്തി. ബാബുവിനെ കരസേന രക്ഷപ്പെടുത്തി സുരക്ഷിതമായി പാറയ്ക്ക് മുകളിലെത്തിച്ചു. സൈനികരുടെ തോളില്‍ കയ്യിട്ട് ചിരിച്ചും തന്നെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയവരെ ഉമ്മവച്ചും ബാബു നന്ദി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്കൊപ്പം കയ്യുയര്‍ത്തി ജയ് വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
സൈന്യം ബാബുവിന് നേരിയ തോതില്‍ വെള്ളവും ഭക്ഷണവും ലഭ്യമാക്കിയിരുന്നു. പിന്നാലെ എത്തിയ ഹെലികോപ്‌റ്ററില്‍ ഉച്ചയ്ക്ക് 12.30ഓടെ ബാബുവിനെ കഞ്ചിക്കോട്ടെത്തിച്ചു. ഹെലികോപ്‌റ്ററില്‍ വച്ച് ബാബു ബോധ രഹിതനായി. പിന്നാലെ ബാബുവിനെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. ബാബുവിന്‍റെ നില തൃപ്തികരമെന്ന് ഡി.എം.ഒ വ്യക്തമാക്കി.