തിരുവനന്തപുരം : സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുള്ള ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ സംശയമുണ്ടായതിനെ തുടര്‍ന്നാണ് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് കൂടി സിക്ക പോസിറ്റീവാണെന്ന സംശയവും ആരോഗ്യ വകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Also Read: സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ്; 142 മരണം
എന്നാല്‍, ഇത് സംബന്ധിച്ച് പൂനയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പനിയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.
രോഗികളില്‍ വൈറസ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൈറസ് ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറാം.
നിലവില്‍ രോഗം ബാധിച്ച യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ജൂലൈ ഏഴിന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു.
യുവതിയുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്.
സിക്ക വൈറസിന്‍റെ ലക്ഷണങ്ങൾ
പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും.
മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്‍റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.
Also Read: ജന്തുജന്യ രോഗങ്ങൾ വർധിക്കുന്നു, നേരിടാം ജാഗ്രതയോടെ ; അറിയേണ്ടതെല്ലാം
സിക്ക വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ അപൂര്‍വമാണ്. എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പൂനെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് പരിശോധിക്കാനുള്ള സംവിധാനമുള്ളത്.
ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.
വിശ്രമം, ജാഗ്രത എന്നിവ നിർബന്ധം
രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്.
സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.
ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. പാറശാലയിലെ രോഗബാധിത പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ദുരിതബാധിത പ്രദേശത്ത് നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്‍റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകള്‍ക്കും സിക്ക വൈറസ് ജാഗ്രത നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.