തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ 30 ന് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. 20 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 21 ന് സൂക്ഷ്‌മ പരിശോധനയ്ക്കു ശേഷം 23 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 30ന് രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസ് നേതാവ് വയലാര്‍ രവി, സിപിഎം അംഗം കെ.കെ. രാഗേഷ്, മുസ്ലീംലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ഈ മാസം 21ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കരുതിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ ആദ്യം മൗനം പുലര്‍ത്തി. ഇതു ചോദ്യം ചെയത് സി.പി.എം എം.എല്‍.എ എസ്. ശര്‍മ്മയും നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍നായരും നല്‍കിയ ഹര്‍ജിയില്‍ മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഏപ്രില്‍ 30ന് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ വരുന്ന നിയമസഭയുടെ ജനഹിതം പ്രതിഫലിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് നിയമസഭ ഫലത്തിനു ശേഷം നടത്താമെന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിലപാട് തള്ളിയാണ് ഹൈക്കോടതി മെയ് 2നു മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.