തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ (Heavy Rain) തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ (Meteorological Department) മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (Orange Alert) പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് (Kozhikode), വയനാട് (Wayanad) ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (Yellow Alerts) പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം (Ernakulam), ഇടുക്കി (Idukki), തൃശ്ശൂര്‍ (Thrissur), പാലക്കാട് (Palakkad), മലപ്പുറം (Malappuram), കണ്ണൂര്‍ (Kannur), കാസര്‍കോട് (Kasaragod) ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ: വെള്ളിയാഴ്‌ച (08.09.2023) ആലപ്പുഴ (Alappuzha), കോട്ടയം (Kottayam), എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (Kannur), കാസര്‍കോട് ജില്ലകളിലും, ശനിയാഴ്‌ച (09.09.2023) എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഞായറാഴ്‌ച (10.09.2023) ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്‌ച (11.09.2023) ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട്, പക്ഷെ ഓറഞ്ച് ജാഗ്രത: ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടാതെ തെക്കന്‍ ഛത്തീസ്‌ഗഡിന് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. മാത്രമല്ല കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
- അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ടയിടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
- വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
- ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.
- മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
- സ്വകാര്യ - പൊതുയിടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്‌റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ വെട്ടി ഒതുക്കുകയും ചെയ്യേണ്ടതാണ്. മാത്രമല്ല അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
- ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
- ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
- കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്‌റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.