തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ പുതിയ ചെയർമാനായി ഡോ.എം.ആർ ബൈജു സത്യവാചകം ചൊല്ലി ചുമതലയേറ്റു. പിഎസ്‌സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മറ്റ് പിഎസ്‌സി അംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുത്തു. നിലവിലെ ചെയർമാൻ അഡ്വ. എം.കെ സക്കീർ വിരമിച്ചതിനെത്തുടർന്നാണ് പിഎസ്‌സി അംഗമായ ബൈജുവിന്‍റെ നിയമനം.
മുമ്പ് ഉണ്ടായിരുന്ന കമ്മീഷന്‍റെ മികച്ച നേട്ടങ്ങളാണ് ചുമതലയേൽക്കുന്നതിനുള്ള ആത്മവിശ്വാസമെന്ന് പുതിയ ചെയർമാൻ ഡോ.എം.ആർ ബൈജു പറഞ്ഞു. കഴിഞ്ഞ കമ്മീഷൻ വളരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ആ കമ്മീഷന്‍റെ അംഗമെന്ന നിലയിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് നൽകുന്ന ആത്മവിശ്വാസവുമായാണ് ഈ ചുമതല ഏറ്റെടുക്കുന്നതെന്നും കമ്മീഷൻ പ്രവർത്തനത്തിന്‍റെ മികവ് നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ വിഭാവനം ചെയ്ത മാർഗത്തിലൂടെ ദൃഢചിത്തരായി സഞ്ചരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറുവർഷം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഒരുപാട് മിനുക്കുപണികൾ നടന്നതായി മുൻ ചെയർമാൻ അഡ്വ.എം.കെ സക്കീർ പറഞ്ഞു. അതിന് നിയുക്ത ചെയർമാൻ എം.ആർ ബൈജുവും നേതൃത്വം നൽകിയെന്നും അനാവശ്യ വിവാദങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം കഥകളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.