തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കും പൊലീസിന്‍റെ ആയുധ പരിശീലനത്തിന് അവസരമൊരുങ്ങുന്നു. തോക്ക് ലൈസന്‍സ് കൈയിലുള്ളവര്‍ക്കും, ലൈസന്‍സ് അപേക്ഷിച്ചവര്‍ക്കും പരിശീലനം നല്‍കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പൊലീസ് മേധാവി ഇന്ന് (07 ജൂണ്‍ 2022) പുറത്തിറക്കി.
1000 രൂപ മുതല്‍ 5000 രൂപ വരെയാണ് ഫീസ്. ഓരോ വ്യക്തിക്കും തോക്ക് ഉപയോഗത്തിലെ വൈദഗ്ധ്യത്തിന് അനുസരിച്ച് തുകയില്‍ വ്യത്യാസം വരാം. ഒട്ടും പരിശീലനം ഇല്ലാത്തവര്‍ക്ക് 5000 രൂപ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.
തോക്ക് ലൈസന്‍സ് നേടാന്‍ പ്രത്യേക മാനദണ്ഡങ്ങളും പരിശോധനകളും നിലവിലുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ മാനസിക - ശാരീരിക ആരോഗ്യം പരിശോധിച്ചാണ് പരിശീലനം നല്‍കുന്നത്. ഈ പരിശോധനകളില്‍ യോഗ്യത നേടുന്നവര്‍ക്കാണ് ആയുധ പരിശീലനം നല്‍കുക.
പ്രത്യേക പരിശോധനകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം പരീശീലനം നല്‍കുന്നതിലൂടെ തോക്ക് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്. ലൈസന്‍സും തോക്കും കൈയിലുള്ളവര്‍ക്ക് അത് കാര്യക്ഷമമായി ഉപയോഗിക്കാന്‍ അറിയില്ലെന്നും പരിശീലനം വേണമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിശീലനം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യക പദ്ധതി തയ്യാറാക്കാന്‍ പൊലീസ് തീരുമാനിച്ചത്.