തിരുവനന്തപുരം: കേരള പൊലീസിന്‍റെ സേവനങ്ങള്‍ ഒറ്റകുടക്കീഴിലാക്കിയ 'പോള്‍ ആപ്പ്' സൂപ്പര്‍ ഹിറ്റ്. സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. കൊവിഡ് കാലത്ത് ഉള്‍പ്പെടെ ജനങ്ങള്‍ പൊലീസ് സ്‌റ്റേഷനുകളളിൽ പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുകയാണ് ആപ്പിലൂടെ ലക്ഷമിടുന്നത്. പൊലീസിന്‍റെ 27 സേവനങ്ങള്‍ ഇപ്പോള്‍ പോള്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. 15 സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആപ്പ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആപ്പ് ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. അന്‍പതിനായിരത്തോളം പേര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.
പോള്‍ ആപ്പ് എന്ന പേരിന് പിന്നിലുമുണ്ട് ഏറെ കൗതുകകരമായ ഒരു കഥ. ഒരു ആപ്ലിക്കേഷന്‍ എന്ന ആശയം ഉദിച്ചപ്പോള്‍ തന്നെ പേര് എന്തായിരിക്കണം എന്നത് സംബന്ധിച്ച് ആഭിപ്രായമാരഞ്ഞ് പൊലീസ് സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടു. 1.5 മില്ല്യണ്‍ ഫോളവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്കിലാണ് പേര് നിര്‍ദേശിക്കാന്‍ പൊലീസ് ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടത്. പ്രതികരണം മികച്ചതായിരുന്നു. ട്രോളുകളിലൂടെയും രസകരമായ മറുപടികളിലൂടേയും സൂപ്പര്‍ ഹിറ്റായ ഫേസ്ബുക്ക് പേജില്‍ കൂടതലും പൊലീസിനെ ട്രോളിയുള്ള മറുപടിയാണ് ലഭിച്ചത്.
പൊലീസിനെ ട്രോളി ഒരു പ്രവാസിയായ യുവാവിട്ട പൊല്ലാപ്പെന്നായലോ എന്ന സന്ദേശത്തില്‍ നിന്നാണ് ആപ്ലിക്കേഷന് പേര് വന്നത്. പൊല്ലാപ്പെന്നായലോ എന്നതിനെ പരിഷ്‌കരിച്ച് പോള്‍ ആപ്പ് എന്നാക്കി. വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ഇത്തരത്തിലൊരു പൊല്ലാപ്പിന് കാരണമായ സന്ദേശമിട്ടത്. പേര് തിരഞ്ഞെടുത്തതിനു പിന്നാലെ തന്നെ പൊലീസ് യുവാവിനെ നേരിട്ട് വിവരം അറിയിച്ചു. സംഭവം ഹിറ്റായതോടെ പൊലീസ് ഈ യുവാവിന് ഒരു ഉപഹാരവും നല്‍കി. വിദേശത്തായതിനാല്‍ ശ്രീകാന്തിന്‍റെ അമ്മയും സഹോദരനുമാണ് ഉപഹാരം ഏറ്റ് വാങ്ങിയത്.
![kerala police kerala police mobile app manoj abraham adgp thiruvanathapuram](https://etvbharatimages.akamaized.net/etvbharat/prod-images/7626067_495_7626067_1592227824708.png)