തിരുവനന്തപുരം: 1982ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷിച്ചത് എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജക മണ്ഡലത്തിലായിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സിപിഐയിലെ എന്‍.ശിവന്‍പിള്ളയ്ക്കായിരുന്നു ജയം. 1982ല്‍ പറവൂരില്‍ എല്‍ഡിഎഫ് ആരംഭിച്ച പടയോട്ടത്തിന് തടയിടാന്‍ ഒരു പരീക്ഷണം എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വി.ഡി സതീശനെ പറവൂരിലേക്ക് നിയോഗിക്കുന്നത്.
എന്നാൽ സതീശന് അത്ഭുതമൊന്നും സൃഷ്ടിക്കാനായില്ല. സിറ്റിംഗ് എംഎല്‍എ പി.രാജുവിനോടു സതീശന്‍ പരാജയപ്പെട്ടു. പക്ഷേ പരാജയപ്പെട്ട സതീശന്‍ മുഖം കുനിച്ച് പിന്തിരിഞ്ഞു നടക്കുകയായിരുന്നില്ല. അഞ്ച് വര്‍ഷവും പറവൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. 2001ലെ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ സിറ്റിംഗ് എം.എല്‍.എ പി.രാജുവിനെ സതീശന്‍ മലര്‍ത്തിയടിച്ചു. പിന്നീട് സതീശനെ പറവൂരും പറവൂരിനെ സതീശനും കൈവിട്ടിട്ടില്ല. ഇപ്പോള്‍ സതീശനിലൂടെ പറവൂര്‍ നിയോജക മണ്ഡലം സംസ്ഥാന ശ്രദ്ധയിലേക്കെത്തുകയാണ്.
വിദ്യാർഥി രാഷ്‌ട്രീയം
പ്രീഡിഗ്രി വിദ്യാര്‍ഥിയായി എറണാകുളം മഹാരാജാസ് കോളജിലെത്തിയ വി.ഡി. സതീശന്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയാണ് മഹാരാജാസിൽ നിന്ന് പുറത്തു വരുന്നത്. ഈ അഞ്ച് വര്‍ഷക്കാലവും അദ്ദേഹം കോളജിലെ കെഎസ്‌യുവിന്‍റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. 1983ല്‍ ഇപ്പോഴത്തെ എം.ജി സര്‍വ്വകലാശാല ഗാന്ധിജി യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ആരംഭിക്കുമ്പോള്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി കെഎസ്‌യു നിയോഗിച്ചത് സതീശനെയായിരുന്നു.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത വര്‍ഷം വിജയിച്ച് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഇപ്പോള്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് സതീശന് പിന്തുണയുമായുണ്ടായിരുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തും സതീശനു വിലങ്ങു തടിയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കേ എന്‍.എസ്.യു ദേശീയ സെക്രട്ടറിയായിരുന്നു.
പാർട്ടിയിൽ നിന്ന് ഉൾവലിഞ്ഞ് അഭിഭാഷക വൃത്തിയിലേക്ക്
1992ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായി തന്നെ ഒഴിവാക്കി കെ.സി.വേണുഗോപാലിനെ നിയമിച്ചതില്‍ വി.ഡി.സതീശന് പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിച്ച സതീശന്‍ കേരള ഹൈക്കോടതിയല്‍ അഭിഭാഷക വൃത്തി ആരംഭിച്ചു. സംഘടനാ രംഗത്തു നിന്നുള്ള സതീശന്‍റെ പിന്‍മാറ്റം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചയായി. തിരിച്ചു കൊണ്ടുവരാനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ക്ക് സതീശന്‍ പിടികൊടുത്തില്ല. ഹൈക്കോടതിയില്‍ ഏറ്റവും തിരക്കുള്ള അഭിഭാഷകനായി സതീശന്‍ മാറി. അവിടെ നിന്ന് സതീശനെ വീണ്ടും സംഘടനാ രംഗത്തേക്ക് നിര്‍ബന്ധിച്ച് കൊണ്ടു വന്നത് എ.കെ.ആന്‍റണിയായിരുന്നു. എ.കെ.ആന്‍റണിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 1996ല്‍ സതീശന്‍ പറവൂരില്‍ സ്ഥാനാര്‍ഥിയായത്. 1996ല്‍ പരാജയപ്പെട്ടെങ്കിലും 2001 മുതല്‍ പറവൂരുകാര്‍ സതീശനെയല്ലാതെ മറ്റൊരു പേര് തെരഞ്ഞെടുത്തിട്ടില്ല.
പ്രളയം ബാധിച്ച പറവൂർ
2018ലെ പ്രളയം ഏറ്റവുമധികം ബാധിച്ച നിയോജകമണ്ഡലങ്ങളിലൊന്നായിരുന്നു പറവൂര്‍. ആപത്തു കാലത്ത് ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് അന്ന് പറവൂരുകാര്‍ സതീശനില്‍ കണ്ടു. പ്രളയത്തില്‍ വീടു തകര്‍ന്ന മുഴുവന്‍ പേര്‍ക്കും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീടു നിര്‍മിച്ചു നല്‍കിയെങ്കിലും അതിന്‍റെ പേരില്‍ സതീശന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. പക്ഷേ ജനങ്ങള്‍ 2021ലെ തെരഞ്ഞെടുപ്പിലും സതീശനില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്നു.
നിലവിൽ കേരളത്തിലെ കോണ്‍ഗ്രസും ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ തലമുറ മാറ്റത്തിലൂടെ ഹൈക്കമാന്‍ഡ് ഒരു രക്ഷകനെ കണ്ടെത്തുന്നത് സതീശനിലൂടെയാണ്. മാത്രമല്ല, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്ന ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങളില്‍ ഒരു പൊളിച്ചെഴുത്തു കൂടിയാണ് സതീശനിലൂടെ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നതും. 1964ല്‍ കെ.ദാമോദരമേനോന്‍റെയും വിലാസിനി അമ്മയുടെയും മകനായി പറവൂരിലാണ് ജനനം. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരി. ഭാര്യ ലക്ഷ്മി പ്രിയ. മകള്‍ ഉണ്ണിമായ.