തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ ഭരിക്കുന്നത് കൊള്ള സംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസില്‍ നടക്കുന്ന അഴിമതികള്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ചെന്നിത്തല ആരോപിച്ചു. പൊലീസിനെതിരെ സിഎജി റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം വേണം. സിംസിന് വേണ്ടി കരാര്‍ നല്‍കിയ ഗ്യാലക്‌സോണ്‍ ആരുടെ ബിനാമി കമ്പനിയാണെന്നും പദ്ധതി ഗ്യാലക്‌സോണിന് തന്നെ നല്‍കുന്നതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിംസ് പദ്ധതിയുടെ പേരില്‍ അഴിമതിയും കച്ചവട താല്‍പര്യവുമാണ് നടക്കുന്നത്. പൊലീസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാര കേന്ദ്രമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ചീഫ് സെക്രട്ടറി പൊലീസിന്‍റെ വാഹനം ഉപയോഗിക്കുന്നത് പൊലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാരും കൂട്ട് നില്‍ക്കുന്നുവെന്നതിന്‍റെ തെളിവാണ്. മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളാണ് പി.ടി തോമസ് നിയമസഭയില്‍ ഉന്നയിച്ചത്. അതില്‍ തെറ്റില്ല. സിഎജി റിപ്പോര്‍ട്ടില്‍ അക്കാര്യങ്ങള്‍ വന്നത് യാദൃശ്ചികമാണെന്നും ചെന്നിത്തല പറഞ്ഞു.
തോക്കുകളും വെടിയുണ്ടകളും നഷ്ടമായത് യുഡിഎഫ് കാലത്താണെന്നുള്ള സിപിഎം വ്യാജ പ്രചാരണം നടത്തുന്നത് അഴിമതിയുടെ ഗൗരവം കുറക്കാനാണ്. യുഡിഎഫ് കാലത്ത് ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ആത്മഹത്യാപരമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കമ്മിഷന്‍ ഹൈക്കോടതി വിധിക്ക് വഴങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.