തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാന വ്യാപകമായി കാലവര്‍ഷമെത്തിയതായാണ് നിരീക്ഷണം. അതുകൊണ്ട് തന്നെ സംസ്ഥാനമെങ്ങും മഴ ലഭിക്കും.
മറ്റിടങ്ങളെ അപേക്ഷിച്ച് തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇന്ന് (29.05.22) എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ (30.05.22) തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവര്‍ഷം എത്തിയതോടെ മലയോര മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളയിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
READ MORE: സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശരാശരി മഴയേക്കാൾ കൂടുതല്‍ മഴ ഈ വേനല്‍ക്കാലത്ത് കേരളത്തില്‍ ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ കഴിഞ്ഞ ദിവസം വരെ 645.6 മില്ലീമീറ്റര്‍ മഴ ലഭിച്ചു. നേരത്തെ ഉള്ള കണക്കുകളെ അപേക്ഷിച്ച് 98 ശതമാനം കൂടുതല്‍ മഴ ലഭിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.
പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത് കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ്. പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായതിനാല്‍ ഇത്തവണ കാലവര്‍ഷത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.