തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഒമ്പതിടങ്ങളില്‍ യുഡിഎഫും ഒമ്പതിടങ്ങളില്‍ എൽഡിഎഫും ഒരിടത്ത് എൻഡിഎയും വിജയിച്ചു. 19 വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് വാർഡുകൾ എൽഡിഎഫും മൂന്ന് വാർഡുകൾ യുഡിഎഫും പിടിച്ചെടുത്തു. കോഴിക്കോട് പുതുപ്പാടി കണലാട് വാർഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ, പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ്, കോട്ടയം പൂഞ്ഞാർ പെരുന്നിലം വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു. കോട്ടയം പൂഞ്ഞാർ പെരിനിലമ്പാട് ജനപക്ഷത്തിന്‍റെ സിറ്റിങ് സീറ്റ് ആയിരുന്നു. പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു.
ഉപതെരഞ്ഞെടുപ്പ് ഫലം:
തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡ് | വിജയി | നേടിയ വോട്ട് | ഭൂരിപക്ഷം | മുന്നണി |
തിരുവനന്തപുരം- മുട്ടട | അജിത് രവീന്ദ്രൻ | 1228 | 203 | എൽഡിഎഫ് |
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത്- കാനറ വാര്‍ഡ് | അപർണ | 560 | 12 | യുഡിഎഫ് |
കൊല്ലം- അഞ്ചല്‍ ഗ്രാമപഞ്ചായത്ത്- തഴമേല്‍ | ജി സോമരാജൻ | 636 | 164 | എൽഡിഎഫ് |
പത്തനംതിട്ട- മൈലപ്ര ഗ്രാമപഞ്ചായത്ത്- 5-ാം വാര്‍ഡ് | ജെസി വർഗീസ് | 230 | 76 | യുഡിഎഫ് |
ആലപ്പുഴ- ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍- മുനിസിപ്പല്‍ ഓഫിസ് | എം അജി | 588 | 310 | സ്വതന്ത്രൻ |
കോട്ടയം- പുത്തന്‍ തോട് | സൂസൻ കെ സേവ്യർ | 596 | 75 | യുഡിഎഫ് |
മണിമല ഗ്രാമപഞ്ചായത്ത്- മുക്കട | സുജ ബാബു | 423 | 127 | എല്‍ഡിഎഫ് |
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്- പെരുന്നിലം | ബിന്ദു അശോകൻ | 264 | 12 | എൽഡിഎഫ് |
എറണാകുളം- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്- തുളുശ്ശേരിക്കവല | അരുൺ സി ഗോവിന്ദൻ | 640 | 99 | എൽഡിഎഫ് |
പാലക്കാട്- പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്- ബമ്മണ്ണൂര്‍ | ഭാനുരേഖ ആർ | 602 | 417 | യുഡിഎഫ് സ്വതന്ത്രൻ |
മുതലമട ഗ്രാമപഞ്ചായത്ത്- പറയമ്പള്ളം | മണികണ്ഠൻ ബി | 723 | 124 | യുഡിഎഫ് സ്വതന്ത്രൻ |
ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്- അകലൂര്‍ ഈസ്റ്റ് | മണികണ്ഠൻ | 568 | 237 | എൽഡിഎഫ് സ്വതന്ത്രൻ |
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്- കല്ലമല | ശോഭന | 441 | 62 | എൻഡിഎ |
കരിമ്പ ഗ്രാമപഞ്ചായത്ത്- കപ്പടം | നീതു സുരാജ് | 526 | 189 | യുഡിഎഫ് |
കോഴിക്കോട്- ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്- ചേലിയ ടൗണ്‍ | അബ്ദുല്‍ ഷുക്കൂര്‍ | 576 | 112 | യുഡിഎഫ് |
പുതുപ്പാടി ഗ്രാമപഞ്ചായത്ത്- കണലാട് | അജിത മനോജ് | 599 | 154 | എൽഡിഎഫ് |
വേളം ഗ്രാമപഞ്ചായത്ത്- കുറിച്ചകം | പിഎം കുമാരൻ | 585 | 126 | എൽഡിഎഫ് |
കണ്ണൂര്‍- പള്ളിപ്രം | ഉമൈബ | 2006 | 1015 | യുഡിഎഫ് |
ചെറുതാഴം ഗ്രാമപഞ്ചായത്ത്- കക്കോണി | യു രാമചന്ദ്രൻ | 589 | 80 | യുഡിഎഫ് |
ഒമ്പത് ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 29 സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 38 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന കോട്ടയം നഗരസഭയിലെ പുത്തന്‍ തോട് ഡിവിഷനിലെ ഫലം നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും 22 സീറ്റുകള്‍ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. ഭരണകക്ഷിയായ യുഡിഎഫിന്, ജിഷ ബെന്നിയുടെ മരണത്തോടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ടിരുന്നു. ആകെ 60 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരുവനന്തപുരത്ത് മുട്ടട കോര്‍പറേഷന്‍ വാര്‍ഡ്, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനറ വാര്‍ഡ് എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍, പത്തനംതിട്ടയില്‍ മൈലപ്ര ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ആലപ്പുഴ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫിസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍കോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം, എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശ്ശേരിക്കവല, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം, കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍-പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി എന്നീ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.
തിരുവനന്തപുരം മുട്ടട വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ ടി പി റിനോയ് മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വാര്‍ഡ് രൂപീകൃതമായ കാലം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മുട്ടട വാര്‍ഡില്‍ വിജയിച്ചിട്ടുള്ളത്. ഡിവൈഎഫ് ഐ കേശവദാസപരം മേഖല സെക്രട്ടറി അജിത് രവീന്ദ്രനാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആര്‍ ലാലനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി എസ് മണിയും മത്സരിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ല തലത്തിലെ പ്രധാന നേതാക്കളെല്ലാം മുട്ടടയില്‍ ദിവസങ്ങളായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം സംസ്ഥാന സര്‍ക്കാരിന് എതിരായുള്ള എഐ കാമറ വിവാദം എന്നിവ ഉള്‍പ്പടെയാണ് യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രധാന പ്രചരണായുധം ആക്കിയത്. അതേസമയം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.