തിരുവനന്തപുരം: അന്തരിച്ച എം.എൽ.എയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ആദരം അർപ്പിച്ച് നിയമസഭ. മികച്ച സാമൂഹിക പ്രവർത്തകനും കഴിവുറ്റ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടിയെന്ന് അനുശോചന പ്രമേയത്തിൽ സ്പീക്കർ പറഞ്ഞു. നേടിയതെല്ലാം നാടിനും നാട്ടുകാർക്കും നൽകി പ്രവർത്തിക്കാനാണ് തോമസ് ചാണ്ടി ആഗ്രഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണം എറിഞ്ഞ് പണം ഉണ്ടാക്കുക എന്നതല്ല പണം കൊണ്ട് ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പൊതു വികസന കാര്യങ്ങളിൽ സർക്കാരിൽ നിന്നും പണം നോക്കിയിരിക്കാതെ സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കിയ ആളായിരുന്നു തോമസ് ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
തോമസ് ചാണ്ടിയുടേത് ഒരു പോരാളിയുടെ ജീവിതമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നല്ലൊരു സുഹൃത്തിനെയും പൊതു പ്രവർത്തകനെയുമാണ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ നഷ്ടമായതെന്നും ചെന്നിത്തല പറഞ്ഞു. സഭയിലെ വിവിധ കക്ഷി നേതാക്കളും അദ്ദേഹത്തെ അനുമസ്മരിച്ചു. തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.