തിരുവനന്തപുരം: വായനയെ ഉപാസിക്കുന്നവര്‍ക്കും വായനയുടെ ലോകത്തേക്ക് പുതുതായി കടന്നുവരുന്നവര്‍ക്കും അക്ഷര വസന്തം തീര്‍ക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന് (KLIBF-2) നവംബര്‍ ഒന്നിന് തുടക്കമാകും. രാവിലെ ഒമ്പതിന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ സ്‌റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വൈക്കം ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
നവംബര്‍ ഏഴുവരെയാണ് നിയമസഭ സമുച്ചയത്തില്‍ പുസ്‌തകോത്സവം നടക്കുക. പുസ്‌തകോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ രണ്ടിന് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാര്‍ഡ്' മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. നൊബേല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി വേദി ഒന്നില്‍ നടക്കുന്ന കെഎല്‍ഐബിഎഫ് ടോക്‌സില്‍ (KLIBF Talks) പ്രഭാഷണം നടത്തും.
ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലും മറ്റ് മൂന്ന് വേദികളിലുമായി പ്രത്യേക പരിപാടികള്‍ അരങ്ങേറുന്ന പുസ്‌തകോത്സവത്തില്‍ 160 ഓളം പ്രസാധകരുടെ 255ലധികം സ്‌റ്റാളുകളാണുള്ളത്. 240 പുസ്‌തക പ്രകാശനങ്ങള്‍, 30 പുസ്‌തക ചര്‍ച്ചകള്‍, മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള 'മീറ്റ് ദി ഓതര്‍', 'എന്‍റെ എഴുത്തിന്‍റെയും വായനയുടെയും ലോകം' തുടങ്ങിയവയും പുസ്‌തകോത്സവത്തിന്‍റെ മാറ്റുകൂട്ടും.
ആരെല്ലാം എത്തും: പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്‌മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം മുകുന്ദന്‍, ആനന്ദ് നീലകണ്‌ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍, പ്രഭാവര്‍മ, കെആര്‍ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി ഇളയിടം, പിഎഫ് മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍ ഇ സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി വി ബാലകൃഷ്‌ണന്‍ തുടങ്ങി 125 ഓളം പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസുകളും പുസ്‌തകോത്സവത്തിന്‍റെ ഭാഗമാണ്.
പുസ്‌തകോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നിയമസഭ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയര്‍ മ്യൂസിയം മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉള്‍പ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സിറ്റി റൈഡ് എന്നിവയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുസ്‌തകോത്സവം ഏറ്റവും മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര ദൃശ്യ റേഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും, പത്ര ദൃശ്യം ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ക്യാമറാമാന്‍ എന്നീ വ്യക്തിഗത അവാര്‍ഡുകളും നല്‍കും. പുസ്‌തകോത്സവത്തെ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പുസ്‌തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
പുസ്‌തകോത്സവം ഒറ്റനോട്ടത്തില്‍: ആദ്യ ദിനമായ നവംബര്‍ ഒന്നിന് രണ്ട് വേദികളിലായി 27 പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്യും. രാവിലെ 10.30ന് വേദി മൂന്നില്‍ ഡോ. എം എ സിദ്ദീഖ് എഴുതിയ 'കുമാരു' എന്ന പുസ്‌തകം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും. 11 ന് രബീന്ദ്രനാഥ ടാഗോറിന്‍റെ പ്രശസ്‌ത കാവ്യം 'ഗീതാഞ്ജലി'യുടെ ഒരു പുതിയ മലയാള പരിഭാഷ പ്രമോദ് പയ്യന്നൂര്‍ പ്രകാശനം ചെയ്യും. ആദ്യ പുസ്‌തകം റോസ് മേരി ഏറ്റുവാങ്ങും. കവി പ്രഭാ വര്‍മ്മ ചടങ്ങില്‍ പങ്കെടുക്കും. 12 ന് സമീര്‍ ഏറാമല എഴുതിയ 'എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി' എന്ന പുസ്‌തകത്തിന്‍റെ പ്രകാശനം നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാഗതം ചെയ്‌ത് സ്‌പീക്കര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. ഒന്നാം പതിപ്പ് പോലെ രണ്ടാം പതിപ്പും ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്‍റെ ആദ്യ എഡിഷന്‍ 2023 ജനുവരിയിലാണ് നടന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അന്ന് പുസ്‌തകോത്സവം കാണാനും ആസ്വദിക്കാനുമായെത്തിയിരുന്നു.
ഏറ്റവുമധികം വിജയിച്ച ഒരു പുസ്‌തകോത്സവമായി അതിനെ മാറ്റാന്‍ കേരള നിയമസഭയ്ക്ക് സാധിച്ചു. ഇത്തവണയും അന്നത്തെ പോലെ നിങ്ങളുടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാന്‍ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസമാണുള്ളതെന്നും സ്‌പീക്കര്‍ കൂട്ടിച്ചേര്‍ത്തു.