തിരുവനന്തപുരം: 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന് ലഭിച്ചു. വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം. കേരള പ്രഭ പുരസ്‌കാരം ജസ്റ്റിസ് (റിട്ട) ഫാത്തിമ ബീവി, സൂര്യ കൃഷ്‌ണമൂർത്തി എന്നിവര്‍ക്കും ലഭിച്ചു. കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂർ സോമരാജൻ (സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാം പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ട് പേര്‍ക്കും മൂന്നാമത്തെ പുരസ്‌കാരമായ കേരള ശ്രീ അഞ്ച് പേര്‍ക്കുമാണ് ലഭിക്കുക. അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ എസ്‌കെ വസന്തന്: ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചരിത്ര ഗവേഷകനുമായ ഡോ എസ് കെ വസന്തന്. 5 ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.
എന്‍റെ ഗ്രാമം, എന്‍റെ ജനത, അരിക്കില്ലം തുടങ്ങിയ പ്രശസ്‌ത നോവലുകള്‍ക്ക് പുറമെ അമ്പതോളം പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ എസ് കെ വസന്തന്‍ മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. 35 വര്‍ഷം എസ് കെ വസന്തന്‍ കാലടി ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. പി സോമന്‍ ഡോ ഖദീജ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.