തിരുവനന്തപുരം: തെരുവ് നായ ഹോട്ട് സ്‌പോട്ടുകള്‍ തയാറാക്കുന്നതില്‍ സംസ്ഥാനത്ത് അവ്യക്തത തുടരുന്നു. തെരുവ് നായകളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഹോട്ട് സ്‌പോട്ടുകള്‍ തയാറാക്കി പ്രതിരോധ പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണവകുപ്പും മൃഗസംരക്ഷണ വകുപ്പും തീരുമാനമെടുത്തിരിക്കുന്നത്. ആക്രമണകാരികളായ തെരുവുനായകളുള്ള സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടാക്കി വാക്‌സിനേഷനില്‍ മുന്‍ഗണന കൊടുക്കാനാണ് തീരുമാനം.
എന്നാല്‍ തെരുവുനായകളുടെ ഹോട്ട്‌സ്‌പോട്ട് എങ്ങനെ തയാറാക്കുമെന്നതില്‍ ഇപ്പോഴും ആശയകുഴപ്പം തുടരുകയാണ്. ഈ മാസം 20 മുതലാണ് നായകള്‍ക്കുള്ള തീവ്രവാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. അതിനു മുമ്പ് ഹോട്ട്‌സ്‌പോട്ട് നിര്‍ണയിക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകള്‍. വളര്‍ത്തുമൃഗങ്ങളുടെ കടിയേല്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ 170 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം 28, കൊല്ലം 19, ആലപ്പുഴ 19, എറണാകുളം 14, കോഴിക്കോട് 11, തൃശ്ശൂര്‍ 11, മലപ്പുറം 10, കണ്ണൂര്‍ 8, പത്തനംതിട്ട 8, പാലക്കാട് 26, വയനാട് 7, കോട്ടയം 5, കാസര്‍കോട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍. മാസംതോറും ഒരു തദ്ദേശസ്ഥാപനത്തിന്റെ പരിധിയില്‍ കടിയേല്‍ക്കുന്ന പത്തിലേറെ സംഭവങ്ങളുണ്ടായാലാണ് ഹോട്ട്‌സ്‌പോട്ടിലുള്‍പ്പെടുത്തുക. എന്നാല്‍ തെരുവുനായകളുടെ കാര്യത്തില്‍ ഇത് എങ്ങനെയാണെന്ന് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
20ന് തുടങ്ങുന്ന വാക്‌സിനേഷന്‍ യജ്ഞത്തിനായി പരമാവധി വാക്‌സിന്‍ ശേഖരിക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. പത്ത് ലക്ഷം യൂണിറ്റ് വാക്‌സിന്‍ വാങ്ങാനാണ് നീക്കം നടക്കുന്നത്. മൂന്ന് ലക്ഷം തെരുവുനായകള്‍ കേരളത്തിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഏകദേശ കണക്ക്. എന്നാല്‍ ഇത് ഔദ്യോഗികമായ പഠനമോ കണക്കെടുപ്പോ നടത്തിയുള്ളതല്ല.