തിരുവനന്തപുരം: വടക്ക് കിഴക്കൻ തുലാവർഷം കേരളത്തിലടക്കം എത്തിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ ഭാഗമായി തെക്ക് പടിഞ്ഞാറൻ കാലവർഷമായ ഇടവപ്പാതി പൂർണ്ണമായി പിൻവാങ്ങി. തുലാവർഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കും. ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്. നവംബർ ഒന്ന് വരെ കേരളത്തിലെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലിൽ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേ സമയം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. തുലാവർഷം ഇത്തവണ എത്രത്തോളം ശക്തമാക്കുമെന്ന് വരും ദിവസങ്ങളിലെ വ്യക്തമാകുവെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.