തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ല കളക്‌ടര്‍മാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
വയനാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പ്രവേശന നടപടികളും മാറ്റി വച്ചിരുന്നു.
ഇന്നലെ (ജൂലൈ 23) രാത്രി വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും തീരദേശത്തും പുഴയരികിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരങ്ങളില്‍ നാളെ (ജൂലൈ 25) രാത്രി 11.30 വരെ 2.8 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. കൂടാതെ മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ കെട്ടിയിട്ട് സൂക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചെറിയ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ ഭീഷണി നിലനില്‍ക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവുമാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.
മഴയുടെ സാധ്യത കണക്കിലെടുത്ത് നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 26നും 27 നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
READ MORE: Kerala Rain | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്