തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 12ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന് തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
പ്രക്ഷുബ്‌ധമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ബീച്ച് മേഖലയിലുള്ള എല്ലാ വിനോദ സഞ്ചാരങ്ങളും ഒഴിവാക്കണം. തീരദേശവാസികൾ ആവശ്യാനുസരണം അധികൃതരുടെ നിർദേശ പ്രകാരം ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്. ഇന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം, പരീക്ഷകള്‍ക്ക് മാറ്റമില്ല: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണെങ്കിലും സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമില്ല. ഇതുസംബന്ധിച്ച് അധികൃതർ വാര്‍ത്താകുറിപ്പ് പുറത്തിറക്കി. അതേസമയം, മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് വള്ളം മറിഞ്ഞ് മരിച്ചത്.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. കുഞ്ഞുമോനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കുറിച്ചി സ്വദേശി ആന്‍റണിയുടെ ഉടസ്ഥതയിലുള്ള വള്ളം മറിഞ്ഞാണ് അപകടം. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ശക്തമായ കാറ്റിന് സാധ്യത: ഇന്ന് തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളില്‍ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഇതേ പ്രദേശങ്ങളിൽ ജൂലൈ 12ന് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളില്‍ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജൂലൈ 12ന് ശ്രീലങ്കൻ തീരത്തിന്‍റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളില്‍ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 12ാം തിയതി പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത കനത്ത മഴയില്‍ നിരവധി നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡിലേക്കും മറ്റും മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്‌തിരുന്നു.