തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്‌ച വരെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ആഴ്‌ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ബംഗാൾ ഉൾക്കടലിലും വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നും രൂപപ്പെടുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് തിങ്കളാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് മെയ് 26ന് രാവിലെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളമില്ല.
അതേ സമയം ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഉണ്ടാകാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.