തിരുവനന്തപുരം: ലോകോത്തര ഒടിടി പ്ലാറ്റ് ഫോമുകളോട് കിടപിടിക്കാന്‍ ഇനി കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമും (Kerala govt to launch new OTT platform CSpace). 'സിസ്‌പേസ്' (CSpace) എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി, ജനുവരി പകുതിയോടെ പുറത്തിറങ്ങും. സർക്കാരും ചലചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്‌ഡിസി) ചേര്‍ന്ന് നിര്‍മിച്ച സിസ്‌പേസ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ നിരന്തരമായി ആവശ്യപ്പെടുന്ന ചലചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകളും കെഎസ്എഫ്‌ഡിസിയുടെ സിനിമകളും കുറഞ്ഞ നിരക്കില്‍ കാണാൻ സാധിക്കുമെന്ന് കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കുന്നതെന്ന് ഷാജി എന്‍ കരുണ്‍ അവകാശപ്പെട്ടു. കള്‍ച്ചര്‍ സിനിമ എന്നതിന്‍റെ ആദ്യ ഇംഗ്ലീഷ് അക്ഷരവും കാണുക എന്നതിന്‍റെ ഇംഗ്ലീഷ് വാക്കും സമന്വയിപ്പിച്ചാണ് സീ സ്‌പേസിന്‍റെ 'സി' എന്നതിനെ വികസിപ്പിച്ചെടുത്തത് .
പ്രത്യേകം രൂപീകൃതമായ പാനല്‍ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന സെന്‍സര്‍ ചെയ്‌ത എ കാറ്റഗറിയല്ലാത്ത മലയാളം സിനിമകളാണ് ആദ്യഘട്ടത്തില്‍ പ്ലാറ്റ് ഫോമില്‍ എത്തുക. ഇതില്‍ പ്രേക്ഷകന് ആവശ്യമുള്ള ഓരോ സിനിമയും നിശ്ചിത തുക ഒടുക്കി കാണാന്‍ കഴിയും. ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി സിനിമയുടെ നിര്‍മാതാവിന് ലഭിക്കും.
![Kerala govt to launch new OTT platform CSpace CSpace OTT platform CSpace kerala sarkar ott platform Indias first state owner OTT platform സിസ്‌പേസ് കേരളത്തിന്‍റെ ഒടിടി പ്ലാറ്റ്‌ഫോം കേരള സർക്കാർ ഒടിടി പ്ലാറ്റ്‌ഫോം കെഎസ്എഫ്‌ഡിസി കെഎസ്എഫ്‌ഡിസി ഒടിടി ksfdc ott ksfdc chairman shaji n karun കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ സി സ്‌പേസ്](https://etvbharatimages.akamaized.net/etvbharat/prod-images/15-12-2023/kl-tvm-cspace-7211524_14122023185802_1412f_1702560482_1102.jpg)
സംസ്ഥാന അവാര്‍ഡോ ദേശീയ അവാര്‍ഡോ ഫെസ്റ്റിവല്‍ അവാര്‍ഡോ ലഭിച്ചിട്ടുള്ള വിഭാഗത്തിലെ സിനിമകള്‍ മാത്രമേ ഒടിടിയിലേക്ക് പരിഗണിക്കുകയുള്ളു. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ലോക സിനിമകള്‍ ഏജന്‍സികള്‍ മുഖേനെ ലഭിക്കുന്നവയായതിനാല്‍ നിലവില്‍ അവയുടെ ഒടിടി പ്രദര്‍ശനത്തിന് അനുമതിയില്ല. എങ്കിലും ഭാവിയില്‍ പരിഹാരം ഉണ്ടാകുമെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഒരു സിനിമ 3 വര്‍ഷമാണ് സിസ്‌പേസില്‍ ലഭ്യമാവുക . സിനിമയ്ക്ക് ലഭിക്കുന്ന പിന്തുണ അടിസ്ഥാനമാക്കി കെഎസ്എഫ്‌ഡിസി കരാര്‍ പുതുക്കിയാല്‍ മാത്രമേ മൂന്ന് വര്‍ഷം കഴിഞ്ഞും സിനിമ ഒടിടിയില്‍ ലഭ്യമാകുകയുള്ളൂ.