തിരുവനന്തപുരം: കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുമായി വികസന ഏകോപന കൗൺസിൽ രൂപീകരിക്കും. സർക്കാരിന്‍റെ 100 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി ചെയർമാനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. വൈസ് ചെയർമാനായി കൃഷി വകുപ്പ് മന്ത്രിയും സെക്രട്ടറിയായി ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പ്രവർത്തിക്കും.
കൗൺസിലിന്‍റെ കീഴിൽ മോണിറ്ററിങ് ആന്‍ഡ് ടെക്‌നിക്കൽ കമ്മിറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പില്‍ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെല്‍, കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്‍റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും ജില്ല വികസന കമ്മിഷണര്‍ /ജില്ല പ്ലാനിങ് ഓഫിസുകളെ ജില്ലാതല സെക്രട്ടേറിയറ്റായും രൂപീകരിക്കും. റവന്യൂ, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ്, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും.
40 അംഗ കൗണ്‍സിലില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്‌ടര്‍മാരും ചീഫ് എഞ്ചിനീയര്‍മാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അംഗങ്ങളായിരിക്കും. ആറ് മാസത്തിലൊരിക്കല്‍ കൗണ്‍സില്‍ യോഗം ചേരും
കൗൺസിലിൻ്റെ ലക്ഷ്യങ്ങള്‍:
- കുട്ടനാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഒറ്റ സംവിധാനത്തിന്‍റെ കീഴിലാക്കുക. ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം നടത്തുന്നതിനും പരസ്‌പര പൂരകങ്ങളാകുന്നതിനും പദ്ധതികള്‍ക്ക് ആവര്‍ത്തന സ്വഭാവമില്ലാതെ നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുക.
- കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക
- കുട്ടനാട്ടിലെ സമഗ്ര ജല മാനേജ്‌മെന്‍റ് നടപ്പിലാക്കുക
- കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുക
- കാലം തെറ്റിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാര്‍ഷിക കലണ്ടറും കൃഷി രീതിയും നടപ്പിലാക്കുക
- വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്‌ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുക
- കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങള്‍ സമാഹരിക്കുക.