തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്നില്‍ കണ്ട് തണ്ണീര്‍ പന്തലുകള്‍ തുറക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തണ്ണീര്‍ പന്തലുകള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും.
മെയ് മാസം വരെ തണ്ണീര്‍ പന്തലുകള്‍ പ്രവര്‍ത്തിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തണ്ണീര്‍ പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആര്‍എസ് എന്നിവയാകും വിതരണം ചെയ്യുക. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കും. പൊതു കെട്ടിടങ്ങള്‍, ജനങ്ങള്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവയാകും തണ്ണീര്‍ പന്തലുകള്‍ക്കായി ഉപയോഗിക്കുക.
ഇവയുടെ പ്രവര്‍ത്തനത്തിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോര്‍പറേഷന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. 15 ദിവസത്തിനുള്ളില്‍ തണ്ണീര്‍ പന്തലുകളുടെ പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കണം.
ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കും. ഇത് കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട് അല്ലെങ്കില്‍ തനത് ഫണ്ട് വിനിയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഉഷ്‌ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകള്‍ നിശ്ചയിച്ചിരിക്കുന്നത്.
Also Read: എങ്ങും ചുട്ടുപൊള്ളുന്നു… സൂക്ഷിക്കണം… കരുതല്‍ വേണം, പാലിക്കണം ഈ ജാഗ്രത നിര്‍ദേശങ്ങള്‍
വകുപ്പ് തിരിച്ച് പ്രവര്‍ത്തനം : ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിന്‍ നടത്തണം. ഇത്തരം ക്യാമ്പയിന്‍, 'ഈ ചൂടിനെ നമുക്ക് നേരിടാം' എന്ന പേരിലാകും നടത്തുക. സാമൂഹിക സന്നദ്ധ സേന, ആപ്‌ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ക്യാമ്പയിനിന്‍റെ ഭാഗമാക്കും. അതത് വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.
ഒരാഴ്‌ചയ്ക്ക് ഉള്ളില്‍ തന്നെ ക്യാമ്പയിന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി. തീപിടിത്തങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഗ്‌നിശമന രക്ഷാസേന പൂര്‍ണ സജ്ജമായി നില്‍ക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകള്‍, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍, ജനവാസ മേഖലയില്‍ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, ആശുപതികള്‍, പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും യോഗം നിര്‍ദേശം നല്‍കി. അഗ്‌നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: വേനൽ ചൂടിൽ വലഞ്ഞ് ജനം: സൂര്യാതപത്തെ സൂക്ഷിക്കണം
ജനവാസ മേഖലയില്‍ കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കും. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിന്‍റെയും, കെഎസ്ഇബിയുടെയും നേതൃത്വത്തില്‍ എല്ലാ ആശുപതികളുടെയും പ്രധാന സര്‍ക്കാര്‍ ഓഫിസുകളുടെയും ഇലക്‌ട്രിക്കല്‍ ഓഡിറ്റ് നടത്തണം. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ മൂലമുള്ള തീപിടിത്തങ്ങള്‍ ഒഴിവാക്കാനാണിത്.
ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിക്കും : ജില്ല തലത്തില്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ച് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ മുന്‍കൂട്ടി കണ്ടെത്തി വിവരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത് പ്രകാരം മുന്‍കൂട്ടിയുള്ള കര്‍മ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നല്‍കാനും നിര്‍ദേശം നല്‍കി.
എസ്‌ഡിഎംഎ സ്ഥാപിച്ചിട്ടുള്ള 5,000 വാട്ടര്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കി ഉപയോഗിക്കണം. വാട്ടര്‍ കിയോസ്‌കുകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അവ വൃത്തിയാക്കാനും പുനക്രമീകരിക്കാനും പതിനായിരം രൂപ ഒരു കിയോസ്‌കിന് എന്ന നിലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കും. ഹോട്ടലുകള്‍, സന്നദ്ധ-രാഷ്‌ട്രീയ-യുവജന സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പൊള്ളല്‍, വേനല്‍ക്കാലത്തെ പകര്‍ച്ച വ്യാധികള്‍ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നല്‍കും. എല്ലാ പിഎച്ച്സി, സിഎച്ച്സികളിലും ഉള്‍പ്പടെ ഒആര്‍എസ് ഉള്‍പ്പടെയുള്ള ആവശ്യ വസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കും.
Also Read: ഈ വേനല്‍ കനക്കും ; വേണം ജാഗ്രത, ത്വക് രോഗങ്ങളില്‍ നിന്ന് രക്ഷനേടാം
തൊഴില്‍ സമയ പുനക്രമീകരണങ്ങള്‍ : തൊഴില്‍ വകുപ്പ് ആവശ്യമായ തൊഴില്‍ സമയ പുനക്രമീകരണങ്ങള്‍ ഉറപ്പാക്കണം. വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാല്‍ കനത്ത ചൂട് സമ്മര്‍ദമുണ്ടാക്കും. അതിനാല്‍ പരീക്ഷ ഹാളുകളില്‍ വെന്‍റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം.
പൊലീസ്, അഗ്‌നി സുരക്ഷ വകുപ്പ് എന്നിവ സഹായത്തോടെ അടിയന്തരമായി പടക്ക നിര്‍മാണ സംഭരണ ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്‌നി സുരക്ഷ ഉറപ്പ് വരുത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷ മാനദണ്ഡ മാര്‍ഗരേഖ അനുസരിച്ച് ഉത്സവങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കും.
വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ പരമാവധി ജലം സംഭരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പദ്ധതിയുണ്ടാക്കാനും യോഗം നിര്‍ദേശിച്ചു. കനത്ത ചൂട് വരും കാലങ്ങളിലും അനുഭവപ്പെടാം എന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ നഗരങ്ങള്‍ക്കും ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.