തിരുവനന്തപുരം: തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിന് എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര ചട്ടങ്ങള്‍ പ്രയാഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
എജിയടക്കം ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 2000 എബിസി ശസ്‌ത്രക്രിയ നടത്തിയ വെറ്ററിനറി ഡോക്‌ടര്‍, എസിയടക്കമുളള സൗകര്യത്തോടുള്ള കെട്ടിടം, നായ്‌ക്കളെ പാര്‍പ്പിക്കാനുള്ള സ്ഥല സൗകര്യം എന്നിവ സംബന്ധിച്ച ചട്ടങ്ങളിലാണ് സംസ്ഥാനം ഇളവ് തേടുക. തെരുവിലിറങ്ങി നടക്കേണ്ടതില്ലാത്ത ഏതോ വരേണ്യ വര്‍ഗമാണ് ഇത്തരമൊരു ചട്ടം എഴുതി ഉണ്ടാക്കിയതെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു.
ചട്ടപ്രകാരം ഇപ്പോള്‍ നടപ്പാക്കാന്‍ കഴിയുന്ന രീതിയില്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. തെരുവ് നായ്‌ക്കളുടെ ആക്രമണ വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. കണ്ണൂരിലെ മുഴുപ്പിലങ്ങാടുണ്ടായ ആക്രമണങ്ങള്‍ ക്രൂരമായിരുന്നു. ഇതിന് പരിഹാരം കാണാന്‍ സാധിക്കുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും.
നിലവിലെ ചട്ടം അനുവദിക്കുന്ന രീതിയില്‍ മാരകമായി മുറിവേറ്റതും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതുമായ നായ്ക്കളുടെ ദയാവധം നടത്തും. എന്നാല്‍ ഇത് ആരും ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കും. നിലവില്‍ തെരുവ് നായ വിഷയത്തില്‍ എന്ത് മാറ്റം ഉണ്ടാക്കണമെങ്കിലും കേന്ദ്ര ചട്ടങ്ങളില്‍ ഇളവ് ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടക്കുന്ന, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇതിനായി നടപടി സ്വീകരിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.
കേരളത്തില്‍ കുടുംബശ്രീ വഴി നടത്തിയിരുന്ന വന്ധ്യവത്കരണം കേന്ദ്രചട്ടങ്ങളെ തുടര്‍ന്നാണ് അവസാനിപ്പിക്കേണ്ടി വന്നത്. ഇതില്‍ മാറ്റം വന്നാല്‍ മാത്രമേ വിഷയത്തില്‍ പരിഹാരം സാധ്യമാവുകയുള്ളൂ. അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അനുമതി ആവശ്യമാണ് എന്നതാണ് സര്‍ക്കാര്‍ നിലപാട്. അത് സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം കൊണ്ട് പേവിഷ നിര്‍മ്മാര്‍ജ്ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കി. നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അഞ്ച് ജില്ലകളില്‍ എബിസി കേന്ദ്രങ്ങളില്ല. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. മൃഗസ്‌നേഹികളുടെ സംഘടനകളുടെ സഹായം കൂടി ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് തേടിയുട്ടുണ്ട്.
ഇതിനായി അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരം സംഘടനകള്‍ക്കാവശ്യമായ സഹായം നല്‍കും. കണ്ണൂര്‍ മുഴുപ്പിലങ്ങാട് 30 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള മുഴുവന്‍ നായ്ക്കളേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. തെരുവ് നായക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്‌ല വാക്‌സിന്‍ സംസ്ഥാനത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ട്.
എന്നാല്‍ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അത് പരിഹരിച്ച് മുന്നോട്ട് പോകും. തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും മൃഗസംരക്ഷ വകുപ്പിന്റേയും സംയുക്തയോഗം ചേര്‍ന്നത്. മന്ത്രിമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമേ എജിയും പങ്കെടുത്തു.