തിരുവനന്തപുരം : ദീർഘകാല കരാറിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ (Electricity Contracts) പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനം. റെഗുലേറ്ററി കമ്മിഷൻ (Regulatory Commission) റദ്ദാക്കിയ വൈദ്യുത കരാറുകളാണ് പുനസ്ഥാപിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കേന്ദ്രവൈദ്യുതി നിയമത്തിലെ 108 വകുപ്പ് പ്രകാരം റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും.
ഇതനുസരിച്ചാണ് മന്ത്രിസഭായോഗം ഇന്ന് നിർണായകമായ തീരുമാനമെടുത്തത്. ദീർഘകാല കരാറിലൂടെ മൂന്ന് കമ്പനികളിൽ നിന്ന് 4.26 രൂപയ്‌ക്ക് വൈദ്യുതി വാങ്ങാൻ ആയിരുന്നു കേരളം കരാർ ഒപ്പിട്ടിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്താണ് ഇത്തരമൊരു കരാർ നിലവിൽ വന്നത്. കരാർ പ്രകാരം ഏഴുവർഷങ്ങളിലായി 465 മെഗാവാട്ട് വൈദ്യുതി കേരളം വാങ്ങുകയും ചെയ്‌തിരുന്നു.
17 വർഷത്തേക്ക് കൂടി നിലവിലുള്ള കരാർ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. ഇതോടെ സംസ്ഥാനത്തിന് വൈദ്യുതി നൽകുന്നതിൽ നിന്ന് കരാറിൽ ഒപ്പിട്ടിരുന്ന ജാംബുവാ പവർ ലിമിറ്റഡ്, ജിണ്ടാൽ പൗർണൻ ലിമിറ്റഡ്, ജിണ്ടാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികൾ പിന്മാറി. ഇതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടായി. തുടർന്ന് കെഎസ്‌ഇബി (KSEB) വീണ്ടും ടെൻഡറുകൾ വിളിച്ചെങ്കിലും കമ്പനികൾ 7.30 രൂപയാണ് യൂണിറ്റിന് ആവശ്യപ്പെട്ടത്.
ഇത് കെഎസ്‌ഇബിക്ക് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കും. അതിനാൽ, വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയോട് സർക്കാർ നിർദേശിക്കുകയായിരുന്നു. വിഷയം പരിശോധിച്ച് ചീഫ് സെക്രട്ടറി നേരത്തെയുള്ള കരാറുകൾ പുനസ്ഥാപിക്കുന്നതാണ് നല്ലതെന്ന് സർക്കാറിന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിശോധിച്ചാണ് മന്ത്രിസഭായോഗം തീരുമാനം എടുത്തത്.
കെഎസ്‌ആർടിസിയുടെ കണക്ഷൻ ഊരി കെഎസ്‌ഇബി : വൈദ്യുത ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം കെഎസ്‌ആർടിസി തമ്പാനൂർ ഡിപ്പോയുടെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു (KSEB Disconnected Electricity Of KSRTC Depot). ഒരു മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു നടപടി. 41,000 രൂപയാണ് കെഎസ്‌ആര്‍ടിസി അടയ്‌ക്കാനുള്ളത് (Thampanoor KSRTC Depot). കെഎസ്ഇബിയുടെ നടപടി ടിക്കറ്റ് റിസർവേഷൻ സംവിധാനത്തെ അടക്കം കാര്യമായി ബാധിച്ചിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയാണ് കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.