തിരുവനന്തപുരം: ഇസ്രയേലിലേക്ക് പോയ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികളുമായി സര്‍ക്കാര്‍. ബിജുവിന്‍റെ വിസ റദ്ദാക്കി തിരികെ അയക്കാന്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അതോടൊപ്പം ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഇന്ന് വാര്‍ത്ത സമ്മേളനം നടത്തുന്ന കൃഷിമന്ത്രി പി പ്രസാദ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നാണ് സൂചന. ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകന്‍ ബിജു കുര്യന്‍റെ തിരോധാനത്തില്‍ നിലവില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച സന്ദേശത്തിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും യാതൊരു അറിവുമില്ല.
ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് നൂതന കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്‌ച രാത്രി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച സന്ദേശം മാത്രമാണ് പിന്നീട് ബിജുവിനെ കുറിച്ച് ലഭിച്ച വിവരം.
ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. 20 വര്‍ഷത്തോളമായി കൃഷിക്കാരനാണ് ബിജു. ഓണ്‍ലൈന്‍ മുഖേനയാണ് ബിജുവിന്‍റെ ഇസ്രയേലില്‍ പോകുന്നതിനുള്ള അപേക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നു എന്നും പായം കൃഷി ഓഫിസര്‍ കെ ജെ രേഖ പറഞ്ഞു. ഉളിക്കല്‍ സ്വദേശിയായ ബിജു പായം പഞ്ചായത്ത് പരിധിയിലെ കൃഷി ഓഫിസ് മുഖേനയാണ് അപേക്ഷ നല്‍കിയത്.
ബിജുവിന്‍റെ ബന്ധുക്കളാരെങ്കിലും ഇസ്രയേലില്‍ ഉള്ളതായി വിവരമില്ല. എന്നാല്‍ നാട്ടുകാരായ കുറച്ച് പേര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. ബിജു ഇവരുടെ അടുത്തുണ്ടാകാം എന്നാണ് കരുതുന്നത്. ആസൂത്രണം ചെയ്‌താണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയതെന്ന് സഹയാത്രികര്‍ വ്യക്തമാക്കി.
Also Read: ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് കര്‍ഷകര്‍ തിരിച്ചെത്തി; ബിജു കുര്യൻ കാണാമറയത്ത് തന്നെ
ഇസ്രയേലില്‍ ശുചീകരണ ജോലി ചെയ്‌താല്‍ തന്നെ ദിവസം 15,000 രൂപയോളം ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് ഇവിടെയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാം മനസിലാക്കി വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു.