തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും ഗവര്‍ണര്‍ മരവിപ്പിച്ചു. ഇക്കാര്യം വിശദീകരിച്ച് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.
ഉടന്‍ പ്രാബല്യത്തിലെടുത്ത തീരുമാനത്തിന് ഇനിയൊരുത്തരവുണ്ടാകും വരെ പ്രാബല്യമുണ്ടാകും. 1996ലെ കണ്ണൂര്‍ സര്‍വകലാശാല നിയമം 7(3) പ്രകാരമാണ് നടപടി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചതായി ഗവവര്‍ണര്‍ വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്‍റെ നിയമന കാര്യത്തില്‍ അരമണിക്കൂറിനകം തീരുമാനം അറിയിക്കുമെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയതെന്നത് ശ്രദ്ധേയമാണ്.
''സ്വജനപക്ഷപാതം അനുവദിക്കില്ല'': താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്തമോ സ്വജന പക്ഷപാതമോ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. വേണ്ടത്ര യോഗ്യതയില്ലാതിരുന്നിട്ടും പ്രിയ വര്‍ഗീസിനെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചുവെന്ന് മാത്രമല്ല, റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിക്കുകയും ചെയ്‌തു. എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമായ തസ്‌തികയ്ക്ക് അത്രയും യോഗ്യതയില്ലാത്ത പ്രിയയെ പരിഗണിച്ചതിനെതിരെ ഗവര്‍ണര്‍ നേരത്തേ വിശദീകരണം തേടിയിരുന്നു. മാത്രമല്ല, റിസര്‍ച്ച് സ്‌കോറില്‍ അവര്‍ ഏറ്റവും പുറകിലാണെന്ന വിവരാവകാശ രേഖയും പുറത്തു വന്നു.
ALSO READ| അത് അക്കങ്ങള്‍വച്ചുള്ള കള്ളക്കളി, നിയമനവിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്
സേവ് യൂണിവേഴ്‌സിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍ക്ക് നല്‍കിയത്. നടപടികളുമായി മുന്നോട്ടുപോകുമെന്നും നിയമന ഉത്തരവ് ഉടന്‍ നല്‍കുമെന്നുമുള്ള കണ്ണൂര്‍ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രഖ്യാപനവും ഗവര്‍ണറോടുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി വ്യാഖ്യാനിക്കപ്പെട്ടു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്‌തതിന് പിന്നാലെയാണ് തന്‍റെ അധികാരം ഉപയോഗിച്ച് ഗവര്‍ണറും സര്‍ക്കാരിനെതിരെ വടിയെടുത്തിരിക്കുന്നത്. ഇതിനെ സര്‍ക്കാരും സി.പി.എമ്മും ഏതു വിധത്തില്‍ ന്യായീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.