തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംഭവത്തിലും സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ സംസ്ഥാന ഭരണ തലവനാണെന്നും റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. ഓർഡിനൻസിൽ ഒപ്പിടാതിരിക്കുകയല്ല, ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്‌തത്. തീരുമാനം എടുക്കും മുമ്പ് തനിക്ക് തൃപ്‌തി തോന്നണം. നിയമസഭ ഉടൻ ചേരാനിരിക്കേ എന്തിനാണ് ഇങ്ങനെ ഒരു ഓർഡിനൻസ്. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. നിയമാനുസൃതമായേ കാര്യങ്ങൾ നടക്കൂവെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ഗവർണർ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ ഭരണ തലവൻ എന്ന നിലയിൽ സുപ്രീം കോടതിയിൽ പോകും മുമ്പ് തന്നെ അറിയിക്കാമായിരുന്നു. ഇത് പത്രങ്ങളിലൂടെയല്ല താൻ അറിയേണ്ടത്. ഇത് അങ്ങേയറ്റം തെറ്റാണ്. ഇത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ്. തങ്ങൾ നിയമത്തിന് മുന്നിലാണെന്ന ധാരണ ചിലർക്കുണ്ടെന്നും അത് മാറണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് ഗവർണർ പറഞ്ഞു.