തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെക്കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് കൃത്യമായി വിശകലനം ചെയ്യണമെന്നും എല്ലാം ഒറ്റ ദിവസം കൊണ്ട് ഒപ്പിടാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവാകും.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുളള 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിക്കാത്തത്. നേരത്തെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു.
എന്നാല്‍ നിയമസഭയില്‍ ബില്‍ കൊണ്ട് വരാത്തതിനാല്‍ ഈ ഓര്‍ഡിനന്‍സിന്‍റെ കാലാവധി അവസാനിക്കുകയും ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കാന്‍ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയും ചെയ്‌തു. സഭ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ 42 ദിവസമാണ് ഓര്‍ഡിനന്‍സിന്‍റെ കാലാവധി. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
എന്നാല്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാതെ ഓര്‍ഡിനന്‍സുകള്‍ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണെന്നാണ് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തതിനുള്ള കാരണമായി രാജ്‌ഭവന്‍ വ്യക്തമാക്കുന്നത്. ഇതിനാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. നിയമ നിര്‍മാണത്തിനായി ഒക്‌ടോബറില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ സമ്മേളനം ബജറ്റ് സമ്മേളനമായിരുന്നതിനാല്‍ നിയമ നിര്‍മാണത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പ്രത്യേക സമ്മേളനം ഒക്‌ടോബറില്‍ ചേര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുമെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.
നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 12ന് സംസ്ഥാനത്ത് മടങ്ങി എത്തും. എന്നാല്‍ ഇന്ന് ഓര്‍ഡിനന്‍സുകള്‍ ഒപ്പു വെക്കാതിരുന്നാല്‍ ലോകായുക്ത അടക്കം ആറ് നിയമങ്ങള്‍ ഭേദഗതിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയുണ്ടാകും. അതുകൊണ്ടാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയത്.
ഇന്നലെ ചീഫ് സെക്രട്ടറി ഡല്‍ഹിയില്‍ ഗവര്‍ണറെ നേരിട്ട് കണ്ടിരുന്നു. ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ തീരുമാനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാനാണ് ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയത്. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നില്ല.
Also Read സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് മുറുകുന്നു: അനിശ്ചിതത്വത്തിലായി ഓര്‍ഡിനന്‍സുകള്‍