ന്യൂഡല്‍ഹി: സര്‍വകലാശാല വിവാദത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കട്ടെ. അതാണ് നിലവിലെ പ്രശ്‌നത്തിനുള്ള പരിഹാരം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കി.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി എന്നത് ഗവര്‍ണറുടെ ഭരണഘടന ഉത്തരവാദിത്തമല്ല, മറിച്ച് കേരള നിയമസഭ ഏല്‍പ്പിച്ചതാണ്. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ ഇടപെടലുകളില്ലെന്ന് പൂര്‍ണമായ ഉറപ്പ് ലഭിക്കും വരെ തീരുമാനം പുനഃപരിശോധിക്കില്ല. ഉപാധികളോടെയല്ല തന്‍റെ തീരുമാനമെന്നും സമയം വെറുതെ കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകള്‍ സര്‍ക്കാരിന്‍റെ വകുപ്പല്ല, അവിടത്തെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. അതിനപ്പുറമായാല്‍ അംഗീകരിക്കാൻ കഴിയില്ല - ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല കാര്യങ്ങളില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാതെ ചാന്‍സലര്‍ പദവി വഹിക്കാനാകില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചാന്‍സര്‍ പദവി ഏറ്റെടുക്കാനും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തിന് നടപടിക്രമം പാലിച്ചില്ല, കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഒരാളുടെ പേരാണ് വിസി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് പദവി ഒഴിയുകയാണെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. അമിത രാഷ്‌ട്രീയ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
Also read: ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി?; രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയേക്കും