തിരുവനന്തപുരം: ഊബർ മാതൃകയിൽ പുതിയ വാഹന ശൃംഖലയുമായി കേരളം. കേരള സവാരി എന്ന പേരിൽ നവംബർ ഒന്നിന് തിരുവനന്തപുരം നഗരത്തിൽ ഔദ്യോഗികമായി ടാക്സി സർവീസ് ഓടി തുടങ്ങും. നിലവിൽ സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന 7ലക്ഷം ഓട്ടോറിക്ഷകളെയും 5 ലക്ഷം ടാക്സി കാറുകളെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
തുടക്കത്തിൽ തിരുവനന്തപുരത്ത് 50 ടാക്സികളും 50 ഓട്ടോറിക്ഷയും പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും. തുടര്‍ന്ന് മറ്റു ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിൽ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സോഫ്റ്റ്‌വെയർ, ജിപിഎസ് ഏകോപനം, കോൾ സെന്‍റര്‍ എന്നിവയെല്ലാം ഐടിഐ നൽകും. ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8% സർക്കാരിന് നൽകണം. ഇതിൽ ആറ് ശതമാനം ഐടിഐ സേവനത്തിനാണ് ഉപയോഗിക്കുക. മോട്ടോർ വാഹന വകുപ്പാണ് ടാക്സി നിരക്ക് നിശ്ചയിച്ച നൽകേണ്ടത്. മൊബൈൽ ആപ്പില്‍ രേഖപ്പെടുത്തുന്ന പണം നൽകിയാൽ മതി.
also read: കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍
ഓട്ടം വിളിക്കുന്നയാളുടെ 500 മീറ്ററിനുള്ളിലാണ് വാഹനം എങ്കിൽ സ്ഥലത്തെത്തി ആളെ കയറ്റുന്നതിന് അധിക ചാർജ് ഉണ്ടാകില്ല. യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ പൊലീസിന്റെ പ്രത്യേക കോൾ ബട്ടൺ വാഹനങ്ങളിൽ ഘടിപ്പിക്കും. പദ്ധതി നടത്തിപ്പിന് മുന്നോടിയായി ടാക്സി ഉടമകൾക്ക് സർക്കാർ ബോധവത്കരണം നൽകും.