തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് സംസ്ഥാന സർക്കാർ. സെപ്റ്റംബർ ആദ്യവാരം തന്നെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കുറി ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രമായി ചുരുക്കുകയും ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത സർക്കാറാണ് മാസം 80 ലക്ഷം മുടക്കി ഹെലികോപ്‌റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായാകും ഇത് പ്രധാനമായും ഉപയോഗിക്കുക.
ഇത് രണ്ടാം തവണയാണ് കേരളം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. നേരത്തെ 2020 ലും സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെയുണ്ടായ ഈ നടപടിയിൽ അന്ന് രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. വൻ ധൂർത്തെന്നായിരുന്നു അന്ന് ഉയർന്ന ആക്ഷേപം. വിമർശനം കടുത്തതോടെ ഒരു വർഷത്തെ കാലാവധിക്ക് ശേഷം കരാർ സർക്കാർ പുതുക്കിയില്ല. ഇപ്പോൾ രണ്ടര വർഷത്തിനുശേഷമാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ മാർച്ചിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ചിപ്‌സൻ ഏവിയേഷൻ കമ്പനിയുമായാണ് സർക്കാർ ഇപ്പോള്‍ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 20 മണിക്കൂർ ഹെലികോപ്‌റ്റര്‍ പറക്കും. അതിനുശേഷമുള്ള പറക്കലിന് അധിക തുക നൽകണം. അധിക മണിക്കൂറിന് തൊണ്ണൂറായിരം രൂപയാണ് കരാറിൽ നിശ്ചയിച്ചിരിക്കുന്നത്. പൈലറ്റ് ഉൾപ്പടെ 11 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് കരാർ പ്രകാരം ഉടൻ എത്തിക്കുന്നത്.
അതേസമയം കഴിഞ്ഞ തവണത്തെ കരാറിനേക്കാൾ കുറഞ്ഞ തുകയാണ് ഇത്തവണ സർക്കാർ നൽകുന്നത്. കഴിഞ്ഞ തവണ കരാർ എടുത്ത പവൻഹാൻസ് എന്ന കമ്പനി 20 മണിക്കൂർ പറക്കുന്നതിന് 1.44 കോടി രൂപയാണ് വാങ്ങിയിരുന്നത്. എന്നാൽ അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 67000 രൂപയായിരുന്നു ചാർജ്. കഴിഞ്ഞ തവണ ടെൻഡർ വിളിക്കാതെയാണ് പവൻഹാൻസ് കമ്പനിക്ക് കരാർ നൽകിയത്.
ഇപ്പോൾ കരാർ ലഭിച്ച ചിപ്‌സൺ ഏവിയേഷൻ അന്നും ഇതേ തുകയ്ക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ സർക്കാർ അന്ന് പവൻഹാൻസിന് ടെൻഡറില്ലാതെ കരാർ നൽകുകയായിരുന്നു. ഒരു വർഷത്തെ കരാർ കാലയളവിൽ 22.21 കോടി രൂപയാണ് പവൻഹാൻസിന് സർക്കാർ നൽകിയത്. പാർക്കിങ് ഫീസ് ഇനത്തിൽ 56.72 ലക്ഷം രൂപ വേറെയും നൽകിയിട്ടുണ്ട്.