തിരുവനന്തപുരം : ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടിറങ്ങുന്നു. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വഹണം ഉറപ്പാക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്നത്.
ഇതിന്‍റെ ഭാഗമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മേഖല അവലോകന യോഗങ്ങള്‍ ചേരും. സെപ്‌റ്റംബര്‍ നാല്, ഏഴ്, 11, 14 തീയതികളിലാണ് യോഗം. കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മേഖല യോഗങ്ങള്‍ നടക്കുക. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് ഓഫിസര്‍മാരുടെ യോഗവും ചേരും. മേഖല അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ല കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് പ്രവൃത്തികള്‍ പരിഗണിക്കുക. ഇതില്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത് ഇവയാണ് :
- അടിസ്ഥാന സൗകര്യ വികസനമുള്‍പ്പടെയുളള പദ്ധതികളുടെ പുരോഗതി.
- ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും.
- കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവയുടെ പുരോഗതി, മുടങ്ങിക്കിടക്കുന്നവയുണ്ടെങ്കില്‍ കാരണവും പരിഹാര നിര്‍ദേശവും, ആരംഭിക്കാനിരിക്കുന്നവയുണ്ടെങ്കില്‍ അവയുടെ തല്‍സ്ഥിതിയും തടസങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അവയുടെ പരിഹാര നിര്‍ദേശവും.
- ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍
- സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വിവിധ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പുരോഗതി (ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപ്പാസ്, റിങ് റോഡുകള്‍, മേല്‍പാലങ്ങള്‍).
- ജില്ലയിലെ പൊതു സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ (പൊതു വിദ്യാലയങ്ങള്‍, പൊതു ജനാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, സിവില്‍ സ്‌റ്റേഷനുകള്‍).
- സര്‍ക്കാരിന്‍റെ നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍.
- ലൈഫ് / പുനര്‍ഗേഹം പദ്ധതിയുടെ സ്ഥിതി വിവരം.
- മലയോര / തീരദേശ ഹൈവേ.
- ദേശീയ ജലപാത.
- ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ജില്ല കലക്‌ടര്‍മാര്‍ ശില്‍പശാല സംഘടിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ അവലോകന യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മുന്നായി തരംതിരിക്കും. ഇതില്‍ തന്നെ രണ്ടാം ഘട്ടത്തില്‍ അവലോകനം ചെയ്യുന്നത് :
- സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്‌ത് പരിഹരിക്കാവുന്നവ.
- ജില്ലകളില്‍ പരിഹരിക്കാവുന്നവ, ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ.
- മേല്‍ രണ്ട് ഗണത്തിലും ഉള്‍പ്പെടാത്ത സാധാരണ വിഷയമായി പരിഗണിക്കേണ്ടത്.
- സെക്രട്ടറിതല അവലോകനം.
- ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്‌ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതാത് സെക്രട്ടറിമാര്‍ പരിശോധിച്ച് ജില്ലാതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.
മൂന്നാം ഘട്ടം : സെപ്റ്റംബര്‍ നാല് മുതല്‍ 14 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലായോഗങ്ങളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച് 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും. ജില്ല കലക്‌ടര്‍മാര്‍ ജില്ലാതലത്തില്‍ കണ്ടെത്തുന്ന വിവിധ വിഷയങ്ങള്‍ സമര്‍പ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകള്‍ക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തില്‍ സോഫ്റ്റ്‌വെയറും തയ്യാറാക്കും.
മേഖലായോഗങ്ങളുടെ സ്ഥലവും തീയതികളും :
- 04.09.2023 - കോഴിക്കോട് ചേരുന്ന അവലോകന യോഗത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പദ്ധതികള്‍ പരിഗണിക്കും.
- 07.09.2023 - തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ പദ്ധതികള്‍ അവലോകനം ചെയ്യും.
- 11.09.2023 - എറണാകുളം ( എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകള്‍)
- 14.09.2023 - തിരുവനന്തപുരം ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍).