തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍. പരമ്പരാഗത പാതയിലൂടെ പ്രവേശനം അനുവദിച്ചതും രാത്രി തങ്ങാന്‍ അനുമതി നല്‍കിയതുമാണ് പ്രധാന ഇളവുകള്‍.
പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാതയാണ് തുറക്കുന്നത്. ഇതിന്‍റെ ഭാഗമായി നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു. ഇതുവരെ സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരുന്നു തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
ട്രാക്ടറുകര്‍ സര്‍വീസ് നടത്തുന്ന ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പരമ്പരാഗത പാതവഴി പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
അതേസമയം മുന്‍കൂര്‍ മുറി ബുക്ക് ചെയ്‌തവര്‍ക്കാണ് ഇന്ന് മുതല്‍ സന്നിധാനത്ത് താമസിക്കാനാവുക. ഇതിനായി 500 മുറികള്‍ കൊവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്.
പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുമതിയുണ്ട്. എന്നാല്‍ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.