തിരുവനന്തപുരം: ഒടുവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമ പോരാട്ടത്തിന് കേരളം അങ്കം കുറിച്ചു. നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച എട്ട് ബില്ലുകള്‍ ഏകദേശം രണ്ട് വര്‍ഷത്തോളമായി ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന കേരള രാജ്‌ഭവന്‍റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഗവര്‍ണര്‍-ഗവണ്‍മെന്‍റ് പോര് നിയമ പോരാട്ടത്തിലേക്ക് കടന്നത്.
ഇത് സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖരായ നിയമവിദഗ്‌ധരുമായി ആശയ വിനിമയം നടത്തി നിയമോപദേശം തേടിയ ശേഷമാണ് ബില്ലുകള്‍ പിടിച്ചുവച്ച നടപടിക്കതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന എംഎല്‍എ കൂടി ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണം എന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയും പേരമ്പ്ര എംഎല്‍എയുമായ ടിപി രാമകൃഷ്‌ണനാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. വി വേണുവും സുപ്രീംകോടതിയിലെത്തി.
കേസിനെ ശക്തമായി നേരിടാനാണ് തീരുമാനമെന്നും നിയമസഭ പാസാക്കിയ പല ബില്ലുകളെയും സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിരോധിക്കേണ്ടി വരുമെന്നും രാജ്‌ഭവന്‍ വൃത്തങ്ങള്‍ സൂചന നല്‍കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ സ്‌റ്റാന്‍ഡിങ് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
സമാന ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങളും: ഇതേ ആവശ്യവുമായി പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ക്കൊപ്പമായിരിക്കും കേരളത്തിന്‍റെ ഹര്‍ജിയും പരിഗണിക്കുക. കേരളത്തിലെ പോരിനേക്കാള്‍ അതിരൂക്ഷമായ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.
കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതുമായി ബന്ധപ്പെട്ട സര്‍വകലാശാല നിയമ ഭേദഗതി ബില്ലിലെ (2021) അഞ്ച് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 23 മാസമായി പിടിച്ചുവച്ചിരിക്കുകയാണ്. നാല് സര്‍വകലാശാലകളുടെയും ഡോ. എപിജെ അബ്‌ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ചുള്ളതാണ് ഭേദഗതി ബില്‍.
ഇതിന് പുറമെ മില്‍മയുടെ വിവിധ സഹകരണ സംഘങ്ങളില്‍ ഭരണസമിതി പിരിച്ചുവിട്ട് നിയമിച്ച അഡ്‌മിനിട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന കേരള സഹകരണ സംഘം ഭേദഗതി ബില്‍ (മില്‍മ) കഴിഞ്ഞ ഒരു വര്‍ഷമായി രാജ്ഭവനില്‍ പരിഗണനയ്ക്കിരിക്കുകയാണ്. ഇതുകൂടാതെ ഏറെ വിവാദമായ കേരള ലോകായുക്ത ഭേദഗതി ബില്‍, പൊതുജനാരോഗ്യ ബില്‍ എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്.
Also Read: ബില്ലുകളില്‍ ഒപ്പിടുന്നില്ല, നടപടി ഭരണഘടന വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഒപ്പിടരുതെന്ന് പ്രതിപക്ഷം: ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന ബില്ലകള്‍ നിയമസഭയിലെത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തുകയും ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളുടെ തലപ്പത്ത് സ്വന്തക്കാരെ കുത്തിത്തിരുകാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മില്‍മയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള സമിതികള്‍ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും അഡ്‌മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചവര്‍ക്ക് വോട്ടവകാശം നല്‍ക്കുകയും ചെയ്‌ത നടപടിയോടും പ്രതിപക്ഷത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള മില്‍മ സംഘങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണെന്നാണ് ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണം.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഴിമതിയില്‍ നിന്ന് രക്ഷിക്കാനുള്ള നീക്കമാണ് ലോകായുക്ത ഭേദഗതി ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയില്‍ നിലനില്‍ക്കുന്ന അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍കൂര്‍ ജാമ്യമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതിപക്ഷത്തിന്‍റെ കടുത്ത വിയോജിപ്പിനിടയിലാണ് ഈ ബില്ല് നിയമസഭയില്‍ പാസാക്കിയത്. ഈ ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ബില്ല് അവതരണത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും അത്തരത്തില്‍ അവതരിപ്പിച്ച് ഭൂരിപക്ഷത്തോടെ സഭ പാസാക്കുകയും ചെയ്‌ത ഒരു ബില്ല് ഗവര്‍ണര്‍ അംഗീകാരം നല്‍കാതിരിക്കുക എന്നത് ഭരണഘടനയുടെ 200-ാം അനുഛേദത്തിന്‍റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായ മറ്റ് ചില സംസ്ഥാനങ്ങള്‍ കൂടി കേരളത്തിന്‍റെ പാത സ്വീകരിക്കാന്‍ തയ്യാറാകുമെന്നാണ് സൂചന.