തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ പരോക്ഷമായി മരവിപ്പിച്ച സില്‍വര്‍ലൈന്‍ സെമി ഹൈസ്‌പീഡ് റെയില്‍ (കെ റെയില്‍) പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വാഴ്‌ത്തിയ പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കാന്‍ നിര്‍ദേശിച്ച് റവന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിറക്കി. റെയില്‍വേ ബോര്‍ഡില്‍ നിന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഇതു സംബന്ധിച്ച സാമൂഹികാഘാത പഠനത്തിന് ആവശ്യമായ പുതിയ വിജ്ഞാപനം ഇറക്കുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഫലത്തില്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നില്ലെങ്കിലും പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമായാല്‍ മാത്രമേ സാമൂഹിക, പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുവെന്ന വ്യക്തമായ സൂചനയാണ് ഉത്തരവിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പദ്ധതി ഉപേക്ഷിക്കുന്നു എന്ന് മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ഇക്കാര്യം നിഷേധിച്ച് കെ റെയില്‍ രംഗത്തു വന്നിരുന്നു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്‌ക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും കെ റെയില്‍ വ്യക്തമാക്കിയിരുന്നു.
നിലപാടറിയിക്കാതെ കേന്ദ്രം: പദ്ധതിക്കായി വിന്യസിച്ച ഉദ്യോഗസ്ഥരെ മുഴുവന്‍ പിന്‍വലിക്കുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്ന കാര്യം സംശയ നിഴലിലാണെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നു വേണം കരുതാന്‍. നേരത്തെ പൊലീസ് കാവലില്‍ ബലം പ്രയോഗിച്ച് അതിരടയാള മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി പദ്ധതിക്ക് എത്രയും വേഗം കേന്ദ്രാനുമതി വേണമെന്ന് അഭ്യര്‍ഥിച്ചു. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പദ്ധതിക്ക് കേന്ദ്രാനുമതി ഉടന്‍ ലഭ്യമാകുമെന്ന ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സർക്കാർ ഭയക്കുന്നത് ജനരോഷമോ? ഇത്രയും നാളായിട്ടും പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാകാത്ത സാഹചര്യത്തില്‍ പാരിസ്ഥിതികാഘാത പഠനവും സാമൂഹികാഘാത പഠനവും സ്ഥലം ഏറ്റെടുക്കലും നടത്തി കൂടുതല്‍ ജനരോഷം വിളിച്ചു വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ 530 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന അതിവേഗ ട്രെയിനാണ് സില്‍വര്‍ ലൈന്‍. പദ്ധതിക്കായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 1221 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കനായിരുന്നു തീരുമാനം.
സമര രംഗത്ത് ബിജെപിയും: സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള റവന്യു വകുപ്പ് പ്രത്യേക വിജ്ഞാപനത്തിലൂടെ വിന്യസിച്ച ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ പുനര്‍ വിന്യസിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ ബി.ജെ.പി പദ്ധതിക്കെതിരെ സമര രംഗത്താണെങ്കിലും പദ്ധതിക്ക് കേന്ദ്രാനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ദുരഭിമാനം വെടിഞ്ഞ് പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.