തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധനമൊഴികെയുള്ള മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ട്രോളിങ്, കമ്പവല, തട്ടുമടി എന്നീ മത്സ്യബന്ധ മാര്‍ഗങ്ങള്‍ക്ക് ഏപ്രില്‍ നാല് മുതല്‍ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
കാസർകോട് ജില്ലയില്‍ ഒരു രീതിയിലുള്ള മത്സ്യ ബന്ധനവും അനുവദിക്കില്ല. ഫിഷിങ് ഹാര്‍ബറുകളിലും ഫിഷ് ലാൻഡിങ് സെന്‍ററുകളിലും മത്സ്യ ലേലം നിരോധിച്ചു. കലക്‌ടര്‍ അധ്യക്ഷനായ ഹാര്‍ബര്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ഓരോ ദിവസത്തെയും മത്സ്യവില നിശ്ചയിക്കും.
മത്സ്യം ആവശ്യമുള്ള മൊത്തക്കച്ചവടക്കാര്‍ക്ക് ഈ വിലയ്ക്ക് അനുസരിച്ച് പണം അടച്ച് ലോറികളില്‍ ഹാര്‍ബറുകളിലും ഫിഷ്‌ലാന്‍ഡിംഗ് സെന്‍ററുകളില്‍ നിന്നും മത്സ്യം കയറ്റി പുറത്തു കൊണ്ടു പോകാം. ഒരേസമയം രണ്ട് ലോറികള്‍ക്കു മാത്രമേ ഹാര്‍ബറുകളില്‍ പ്രവേശനം അനുവദിക്കൂ. ഈ ലോറികളെ പൊലീസ് തടയില്ല. ചെറുകിട മത്സ്യ കച്ചവടക്കാര്‍ക്കും തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്കും മത്സ്യഫെഡ് മത്സ്യം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.