തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഒന്നാമത്തെ പുരസ്‌കാരമായ കേരള ജ്യോതി പുരസ്‌കാരം വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി നായർ ഏറ്റുവാങ്ങി.
രണ്ടാമത്തെ പുരസ്‌കാരമായ കേരള പ്രഭ ജേതാക്കളായ ഓംചേരി എൻഎൻ പിള്ളയ്ക്കു വേണ്ടി മകൾ ദീപ്‌തി ഓംചേരി ബല്ല, പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കലക്‌ടറായ ടി മാധവമേനോൻ എന്നിവരും മൂന്നാമത്തെ പുരസ്‌കാരമായ കേരളശ്രീ പുരസ്‌കാരങ്ങൾ ഡോ. സത്യഭാമ ദാസ് ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഗോപിനാഥ് മുതുകാട്, ഡോ. വൈക്കം വിജയലക്ഷ്‌മി എന്നിവരും ഏറ്റുവാങ്ങി. തന്‍റെ ശിൽപങ്ങൾ സർക്കാർ സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് ശിൽപ്പി കാനായി കുഞ്ഞിരാമൻ അവാർഡ് നിരസിച്ചിരുന്നു. മറ്റ് അവാർഡ് ജേതാക്കളായ ചലചിത്ര താരം മമ്മൂട്ടിയും ശാസ്‌ത്ര പ്രചാരകൻ എംപി പരമേശ്വരനും അവാർഡ് ദാന ചടങ്ങിനെത്തുകയോ പ്രതിനിധിയെ അയയ്ക്കുകയോ ചെയ്‌തില്ല.
ALSO READ: മഹാമാരികളെ നേരിടും, പൊതുജനാരോഗ്യത്തിന് സമിതികൾ; പൊതുജനാരോഗ്യ ബിൽ പാസാക്കി നിയമസഭ
കേരള പുരസ്‌കാരങ്ങള്‍ എന്തിന്?: കേന്ദ്ര സർക്കാരിന്‍റെ പത്മ പുരസ്‌കാര മാതൃകയിൽ കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന സർക്കാർ കേരള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. കേരള ജ്യോതി, കേരള പ്രതിഭ, കേരള ശ്രീ തുടങ്ങിയ നാമധേയത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. വിവിധ മേഖലകളിലെ വിശിഷ്‌ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് കേരള പുരസ്‌കാരങ്ങള്‍ എന്ന പേരില്‍ പരമോന്നത പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നകത്.
പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന മേഖലകള്‍: വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ച് പേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുവാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.
വര്‍ണം, വര്‍ഗം, ലിംഗം, ജാതി, തൊഴില്‍, കല, സാമൂഹിക സേവനം, പൊതുകാര്യം, സയന്‍സ് ആന്‍റ് എഞ്ചിനിയറിങ്, വ്യവസായ- വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വീസ്, കായികം, കൃഷി, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. കേരള പുരസ്കാരങ്ങള്‍ക്കായി വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.
ALSO READ: പഞ്ച് ചെയ്‌ത് മുങ്ങിയാല്‍ പിടിവീഴും.. സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നു