തിരുവനന്തപുരം: കേരളത്തിലെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ ബില്ല് നിയമസഭ കടന്നെങ്കിലും രാജ്ഭവന്‍ കടക്കുമെന്ന കാര്യത്തില്‍ ഭരണപക്ഷത്തിനും സംശയം. തന്നെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു മാറ്റിയ ബില്ല് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുക എന്ന ഒറ്റ വഴി മാത്രമാണ് ഇനി ഭരണപക്ഷത്തിന് മുന്നിലുള്ളത്.
ഇന്ത്യയിലെ വിവിധ ബിജെപി ഇതര സര്‍ക്കാരുകള്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്‌തു കൊണ്ടുള്ള ബില്ലുകള്‍ നിയമസഭയില്‍ പാസാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം ഇപ്പോഴും ഗവര്‍ണര്‍മാര്‍ പിടിച്ചു വച്ചിരിക്കുകയാണ്. കേരളത്തിലും സമാന സാഹചര്യത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. ബില്ല് നിയമമാകുന്നതില്‍ അനിശ്ചിതത്വമുണ്ടെങ്കിലും ബില്ലിന്‍റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ അനൈക്യം മുതലാക്കാനായത് ഭരണപക്ഷത്തിന്‍റെ നേട്ടമാണ്.
സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരുമുറുകിയപ്പോള്‍ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കാന്‍ ബില്ലു കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മുസ്ലീംലീഗിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ മലക്കം മറിയേണ്ടി വന്നു. നിയമമന്ത്രി പി രാജീവ് സഭയില്‍ ബില്ല് അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ബില്ലിന്‍റെ ഉദ്ദേശശുദ്ധിയില്‍ പ്രതിപക്ഷ നേതാവ് സംശയം പ്രകടിപ്പിച്ചെങ്കിലും ബില്ലിനോട് പ്രതിപക്ഷത്തിന് യോജിപ്പാണെന്ന് പ്രതിപക്ഷ നേതാവിന് സമ്മതിക്കേണ്ടി വന്നത് ലീഗിന്‍റെ സമ്മര്‍ദം കൊണ്ടാണ്.
സര്‍ക്കാരിന്‍റെ ശുപാര്‍ശ പ്രകാരം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ബിജെപിക്കു വേണ്ടി നടത്തുന്ന നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന് ലീഗ് പരസ്യമായി നിലപാടെടുത്തു. ലീഗിനെ പിന്തിരിപ്പിക്കാനും ബില്ലിനു പിന്നിലെ അപകടകരമായ രാഷ്ട്രീയം അവരെ ബോധ്യപ്പെടുത്താനും പ്രതിപക്ഷ നേതാവ് ശ്രമിച്ചെങ്കിലും ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് ഗവര്‍ണര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി അണികള്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പവും അതിലൂടെയുള്ള സിപിഎം മുതലെടുപ്പും മുസ്ലീം സാമുദായിക സംഘടനകള്‍ ഉയര്‍ത്താനിടയുള്ള എതിര്‍പ്പും ലീഗ് മുന്‍കൂട്ടി കണ്ടു. അതുകൊണ്ടു തന്നെ ബില്ലിനെ അനുകൂലിച്ചാലും സാരമില്ല ഗവര്‍ണറെ എതിര്‍ക്കുക എന്ന സമീപനത്തിലേക്കാണ് ലീഗ് എത്തിയത്.
ഇതില്‍ അവര്‍ ഉറച്ചു നിന്നതോടെ സ്വന്തം നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അതല്ലെങ്കില്‍ ഒരു ബില്ലിന്‍മേല്‍ നിയമസഭയില്‍ പ്രതിപക്ഷ അനൈക്യം എന്ന ദുരന്തത്തിലേക്ക് യുഡിഎഫ് എത്തുമായിരുന്നു. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിയില്ലെന്നതു മാത്രമാണ് കോണ്‍ഗ്രസിന്‍റെ ആശ്വാസം. അതേസമയം ഇത്തരത്തിലൊരു ബില്ല് കൊണ്ടു വന്നത് എന്തു കൊണ്ടും സമയോചിതമായി എന്ന അഭിപ്രായം എല്‍ഡിഎഫില്‍ പ്രത്യേകിച്ചും സിപിഎമ്മിലുണ്ട്.
മാത്രമല്ല, പ്രതിപക്ഷത്തായിട്ടും ലീഗിനെ സര്‍ക്കാര്‍ നിലപാടിനൊപ്പം ചേര്‍ക്കുക എന്ന തന്ത്രപരമായ നീക്കം സിപിഎമ്മിന് വിജയിപ്പിക്കാനുമായി. ഇതിനുള്ള പ്രത്യുപകാരമാണ് ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സര്‍ട്ടിഫിക്കറ്റിനെ വിലയിരുത്തപ്പെടുന്നത്. ബില്ല് ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ തങ്ങള്‍ കൊണ്ടു വന്ന ഭേദഗതികള്‍ അംഗീകരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും അത് കോണ്‍ഗ്രസിന്‍റെ മുഖം രക്ഷിക്കല്‍ തന്ത്രം മാത്രമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനോടൊപ്പം സഹകരിക്കുക വഴി യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവിന് പറയാനുള്ള അവസരമൊരുക്കുകയായിരുന്നു ലീഗ് നേതൃത്വം. ഒരു പരിധി വരെ പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താനായതാകട്ടെ ഭരണമുന്നണിയുടെ സമീപകാല സഭ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി.