തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എവിടെയും എഫ്.സി.ആർ.എ നിയമ ലംഘനമുണ്ടായാല്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് 2017 ജൂണ്‍ 18ന് ഈ സര്‍ക്കാര്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിജ്ഞാപനത്തിനെതിരാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം. ഇത് മറച്ചു വച്ചുകൊണ്ട് വാലില്‍ തീപിടിച്ചപോലെയാണ് സര്‍ക്കാര്‍ ഹൈക്കേടതിയിലേക്ക് ഓടിയത്. ഇതിന്‍റെ രേഖ രമേശ് ചെന്നിത്തല പുറത്തുവിട്ടു.
അന്വേഷണം മുഖ്യമന്ത്രിയുടെ നേരെ തിരിയുന്നുവെന്ന് കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കേടതിയില്‍ തടസ ഹര്‍ജിയുമായി സമീപിച്ചിരിക്കുന്നത്. ലൈഫില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു. ലൈഫ് കരാര്‍ ആകാശത്തു നിന്ന് പൊട്ടിവീണതല്ല. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെയാണ്. 100 ദിവസം കൊണ്ട് 50000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സര്‍ക്കാര്‍ വാഗ്‌ദാനം താൽകാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സി.പി.എം പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ്. ഇതുവരെ എത്രപേര്‍ക്ക് ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.