സംസ്ഥാനത്ത് ഭീമമായ നാശനഷ്‌ടങ്ങളുണ്ടാക്കിയ വെള്ളപ്പൊക്കമായിരുന്നു കഴിഞ്ഞ വർഷം കേരളം അതിജീവിച്ചത്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നുകയറ്റത്തിന് തൽഫലമായി ലഭിച്ച ആ ദുരന്തത്തിന് പ്രളയമെന്ന് പേരിട്ടു. ലക്ഷകണക്കിനാളുകളുടെ ജീവനും ജീവിതവും നഷ്‌ടപ്പെടുത്തിയ പ്രളയത്തിന്‍റെ വാർഷിക ദിനമാകുമ്പോഴേക്കും രണ്ടാമതൊരു പ്രളയമാണ് പ്രകൃതി ഒരുക്കിവച്ചത്.
നിർത്താതെ പെയ്‌ത മഴയിൽ കേരളത്തിന്‍റെ വടക്കൻ ജില്ലകൾ വെള്ളത്തിനടിയിലായി. പേമാരിയും ചുഴലിക്കാറ്റും മണ്ണിടിച്ചിലും ഇതിനോടകം അറുപതിലേറെ ജീവനുകളെ കവർന്നു. ഇനിയും രേഖപ്പെടുത്താത്ത മണ്ണിനടിയിൽ പെട്ട് പൊലിഞ്ഞുപോയവരുടെ എണ്ണം അജ്ഞാതമാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകിൽ മഴക്കെടുതികൾ രൂക്ഷമായി. പാലക്കാടും തൃശൂരും വീണ്ടും വെള്ളപ്പൊക്കമായി. ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ പ്രളയത്തിന്‍റെ അവശേഷിപ്പുകളിൽ നിന്നും കരകയറിയിട്ടില്ലാത്ത കുട്ടനാടിനെയും പ്രളയം വീണ്ടും വിഴുങ്ങി തുടങ്ങി. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വൻ ഉരുൾപ്പൊട്ടല്‍ സംസ്ഥാനത്തിന് കനത്ത ആഘാതമാണ് നല്‍കിയത്. ഒരു പ്രദേശത്തെ മുഴുവനായും കവർന്നെടുത്ത ദുരന്തത്തിൽ നാൽപ്പതോളം പേർ മണ്ണിനടിയിലായെന്നാണ് ഏകദേശ കണക്ക്.
മലപ്പുറം കവളപ്പാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ അമ്പതിലധികം ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇടുക്കി ജില്ലയിലെ ആറ് പ്രധാനപ്പെട്ട ചെറുഡാമുകൾ തുറന്നു. മഴക്കെടുതിയിൽ അടച്ചിട്ട കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ സർവീസ് പുനരാരംഭിക്കും. എന്നാൽ പൂർണമായും സ്‌തംഭിച്ച ട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും. കേന്ദ്ര ജല കമ്മിഷൻ കൊല്ലവും തിരുവനന്തപുരവും ഒഴികെയുള്ള ജില്ലകൾക്ക് പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നിലവിൽ സംസ്ഥാനത്ത് മഴയുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ നാടും വീടും വിട്ട് അഭയസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ജനങ്ങള്‍. അതിജീവനത്തിന്‍റെ പാതയിലാണ് വീണ്ടും കേരളം.