തിരുവനന്തപുരം: കേരള എൻജിനിയറിങ്ങ്- ഫാർമസി- മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ന് നടക്കും. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ അഞ്ച് മണി വരെയുമാണ് പരീക്ഷ നടക്കുന്നത്. രാവിലെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളും ഉച്ചയ്ക്ക് കണക്ക് പരീക്ഷയും നടക്കും. 343 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങൾക്കൊപ്പം ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,10,250 വിദ്യാർഥികൾ പരീക്ഷയെഴുതും. തെർമൽ സ്കാനിങ് വഴി ശരീരോഷ്മാവ് പരിശോധിച്ച ശേഷമാകും വിദ്യാർഥികളെ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിപ്പിക്കുക. കണ്ടെയ്ൻമെന്‍റ് സോൺ, ഹോട്ട്സ്പോട്ടുകൾ, ട്രിപ്പിൾ ലോക് ഡൗൺ മേഖലകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കും. പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് മുൻപും ശേഷവും ഫയർഫോഴ്സ് അണു മുക്തമാക്കും. പരീക്ഷ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്വാറന്‍റൈനിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരീക്ഷ മുറി സജ്ജമാക്കും. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഇ-ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ഷോട്ട് വിസിറ്റ് പാസ് എടുക്കണം.
തിരുവനന്തപുരത്തെ കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖലയിൽ നിന്നുള്ള 70 വിദ്യാർഥികൾക്ക് വലിയതുറ സെന്‍റ് ആന്‍റണിസ് എച്ച്.എസ്.എസിൽ പരീക്ഷയ്ക്ക് സൗകര്യം ഒരുക്കും. ഡൽഹിയിൽ പരീക്ഷ കേന്ദ്രത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഫരീദബാദിലെ ജെ.സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്‍റ് ടെക്നോളജിയിൽ പ്രത്യേക കേന്ദ്രം ഒരുക്കും. പരീക്ഷയ്ക്കത്തുന്ന വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടേണ്ടതില്ല. അഡ്മിറ്റ് കാർഡിന്‍റെ കളർ കോപ്പിയും നിർബന്ധമല്ല. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, നീല/ കറുപ്പ് ബോൾ പോയിന്‍റ് പെൻ, റൈറ്റിങ് ബോർഡ് എന്നിവ വിദ്യാർഥികൾ കരുതണം. വാച്ച്, മൊബൈൽ ഫോൺ എന്നിവ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 20, 21 തിയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.