തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലി ചെയ്‌ത് സ്വദേശത്തേക്ക് അയക്കുന്ന സമ്പാദ്യത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പ്രവാസി ഇന്ത്യക്കാരോടുള്ള കൊടും ചതിയെന്ന് ശശി തരൂർ എം.പി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് തീരുമാനം തിരിച്ചടിയാകും.
വിദേശ ഇന്ത്യാക്കാർ നാട്ടിലേക്കയക്കുന്ന സമ്പാദ്യത്തെ നികുതിയിൽ നിന്നൊഴിവാക്കിയെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പാർലമെൻറിൽ അറിയിച്ചത്. എന്നാൽ ഇതിനു വിരുദ്ധമായി ധനബില്ലിൻ്റെ ഭേദഗതി ചർച്ചയിൽ ഈ വ്യവസ്ഥ രഹസ്യമായി കൂട്ടിച്ചേർക്കുകയായിരുന്നു.
പ്രതിപക്ഷ എംപിമാർ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അവസരം മുതലെടുത്താണ് കേന്ദ്ര സർക്കാർ ഈ കൊടും ചതി ചെയ്‌തത്. ഈ നീക്കത്തിൽ നിന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പിൻമാറണം. ഇതു സംബന്ധിച്ച് താൻ നൽകിയ കത്തിന് ഇതുവരെ മറുപടി നൽകാൻ അവര്‍ തയാറായിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.