വര്‍ഷാന്ത്യത്തില്‍ കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് ഒരു തരത്തില്‍പ്പറഞ്ഞാല്‍ ഏറെ സങ്കടകരമാണ്, കടന്നു പോയ പന്ത്രണ്ട് മാസങ്ങളില്‍ നമുക്ക് ചുറ്റും എന്തൊക്കെ കുറ്റകൃത്യങ്ങള്‍ അരങ്ങേറി, ചെറുതും വലുതുമായ കുറ്റങ്ങള്‍. പൊലീസ് രജസ്റ്റര്‍ ചെയ്‌തതും ചെയ്യപ്പെടാത്തതുമായ എത്രയെത്ര സംഭവങ്ങള്‍.
തെരുവില്‍ ലോട്ടറി വിറ്റ് അരവയര്‍ നിറയ്‌ക്കാന്‍ പൊരിവെയിലു കൊള്ളുന്ന വൃദ്ധനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവം തൊട്ട് ആലുവയില്‍ അഞ്ചു വയസുകാരിയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ സംഭവം വരെ മലയാളിയുടെ മനസിലേക്ക് ഓടിയെത്തും. അതിനൊപ്പം വണ്ടിപ്പെരിയാറില്‍ ആറ് വയസുകരിയുടെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റക്കാരനല്ലെന്ന കോടതി വിധി കൂടി അറിയുമ്പോള്‍ മലയാളിയുടെ മനസ് ആളിക്കത്തും. ഇനി കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികള്‍ നടത്തിയ യോഗത്തിനിടെ സ്ഫോടനം നടത്തി ഏഴ് പേരെ കൊലപ്പെടുത്തിയ പ്രതികാരത്തിന്‍റെ കഥ ഇരമ്പി വരും. നമ്മുടെ കൊച്ച് കേരളത്തിന് കവിയും ഐഎഎസ് ഉദ്യോഗസ്ഥനുമായി കെ ജയകുമാര്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് ടാഗ്‌ലൈന്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇത്രമാത്രം ഹൃദയഭേദകമായ സംഭവ പരമ്പരകള്‍ക്ക് കേരളം സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.
നാടിനും നാട്ടുകാര്‍ക്കും സുരക്ഷ ഒരുക്കേണ്ട പൊലീസുകാരുടെ കാര്യം ആകെ കഷ്ടമാണ്, മാമ്പഴം മോഷ്‌ടിച്ചതിനും കൈക്കൂലി വാങ്ങിയതിനുമൊക്കെ തൊപ്പി തെറിക്കുന്നത് സ്വാഭാവികം, കസ്‌റ്റഡി മരണവും മൂന്നാം മുറയും ഇക്കൊല്ലം പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. എങ്കിലും കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയെന്ന് മാത്രമല്ല സ്വാഭാവം മാറി, അതുകൊണ്ട് തന്നെ പ്രതിവര്‍ഷം ശരാശരി 30 പൊലീസുകാരെങ്കിലും ആത്മഹത്യ ചെയ്യുന്ന നാടായി കേരളം മാറി. 2019 ല്‍ 18 പേര്‍, 2020 ല്‍ 10 പേര്‍, 21ല്‍ 8 പേര്‍, 22 ല്‍ 20 പേര്‍, 23ല്‍ 13 പേര്‍, 2023 ഒക്ടോബറില്‍ മാത്രം 3 പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. എല്ലാവുരടെയും കാര്യം ശരിയാക്കാന്‍ ഓടി നടക്കുന്ന പൊലീസുകാരന്‍റെ ഗതികേടിന്‍റെ കണക്ക് കൂടിയാണ് ഈ അത്മഹത്യാ നിരക്ക് ചൂണ്ടിക്കാട്ടുന്നത്.
സാക്ഷരതയ്ക്കും ആരോഗ്യപരിപാലനത്തിനും പേരുകേട്ട കേരളം, കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്‍റെ കാര്യത്തിലും രാജ്യത്ത് ഏറ്റവും മുന്നില്‍ തന്നെയുണ്ട്. പോക്സോ കേസുകളില്‍ ഭൂരിഭാഗവും നടന്നത് കുട്ടികളുടെ വീടുകളില്‍ വച്ച് തന്നെയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്‌കൂളുകള്‍, വാഹനങ്ങള്‍ മതപഠന ശാലകള്‍, ആശുപത്രികള്‍ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കുട്ടികള്‍ പീഡനത്തിന് ഇരകളാകുന്നുണ്ട്.
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒട്ടനവധി കൃത്യങ്ങളാണിപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2006ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്. കേരള പോലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം. കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 1,29,278 ആണ്. കുട്ടികള്‍ക്കെതിരെ വിവിധ തരത്തിലുള്ള കേസുകള്‍ 3,847ഉം സ്ത്രീകള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ 14,427ഉം ആണ്. 2023 ആകുമ്പോള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം പിന്നോട്ടല്ലെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,139 കേസുകളും കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി, ആറ് മാസത്തിനുള്ളില്‍ എഴുനൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്നും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ, സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തി.
ദാമ്പത്യ-സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും മറ്റെല്ലാ കുറ്റകൃത്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുന്നേറുന്നത്. 100 ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 70ഓളം സ്ത്രീധന പീഡന മരണങ്ങള്‍. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചുപോയവര്‍ പിന്നെയുമുണ്ട്. മാത്രമല്ല, ഇതൊക്കെ കേവലം ഔദ്യോഗിക കണക്ക് മാത്രം. എണ്ണത്തില്‍ പെടാത്തതും പുറം ലോകമറിയാത്തതുമായവ ഇനിയെത്ര?
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2020- 23 വെരെ 500 ഓളം കുട്ടിക്കുറ്റവാളികളെയാണ് നിയമ നടപടികള്‍ക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകള്‍ നിരവധിയാണ്. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളുടെ കുറ്റവാസനകള്‍ വര്‍ധിച്ചതായാണ് കണക്ക്. ബലാത്സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വില്‍പ്പനയും തുടങ്ങി മോഷണ ശ്രമങ്ങളും കവര്‍ച്ചയും ആത്മഹത്യയുമടക്കം സകല കുറ്റങ്ങളിലും കൗമാരക്കാരും ഭാഗമാകുന്നുണ്ടെന്നാണ് കണക്ക്.
സാമ്പത്തിക രംഗത്താകട്ടെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗുകളുടെയും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും ചാകരയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തില്‍ വലിയ തോതില്‍ കൂടിയിരിക്കുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020-23 ല്‍ ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനം പരക്കെ അരങ്ങുവാഴുന്നു എന്നതിനേക്കാള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇതിലിപ്പോള്‍ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കാളികളാണ് എന്നതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസമനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. മാനത്തിന് വിലപറഞ്ഞും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചും ബ്ലാക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്കിലും വാട്ട്‌സ്്ആപ്പിലുമൊക്കെ ആളെ വീഴ്ത്താന്‍ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും ഒഴുകിനടക്കുന്നു,
കാര്യങ്ങള്‍ ഇങ്ങനയൊക്കെ അരങ്ങ് വാഴുമ്പോള്‍ നെഞ്ചുലച്ച ചില കാര്യങ്ങള്‍ എടുത്ത് അടയാളപ്പെടുത്താതെ വയ്യ.
ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നു തള്ളിയ സംഭവം, കുറ്റവാളി അസ്‌ഫാഖ് ആലത്തിന് കഴുമരത്തോളം വലിയ ശിക്ഷ ഉറപ്പായെങ്കിലും സംഭവത്തിന്‍റെ ഉരുക്കുഭാരം ഹൃദയത്തില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ.ഷഹനയുടെ ആത്മഹത്യ.പ്രണയവും ചതിവും സ്‌ത്രീധനവുമൊക്കെ വിഷയമായ സംഭവം. എല്ലാ പ്രതിസന്ധിക്കളെയും തട്ടിത്തെറിപ്പിച്ച് ഞാന്‍ ജീവിച്ച് കാണിക്കും എന്ന് പറഞ്ഞ് മുന്നോട്ട് പോകേണ്ടതിന് പകരം പിജി ഡോക്ടര്‍ എന്തിന് മരണത്തെ പെട്ടെന്ന് ക്ഷണിച്ചുവരുത്തി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഏതായാലും വീട്ടുകാരുടെ മാറാപ്പ് ചുമക്കുന്നവനായ കാമുകന്‍ ഡോക്ടര്‍ക്ക് ഒരു ലൈഫ് മാര്‍ക്കായി സംഭവം മാറി.
ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ ഭര്‍ത്യ വീട്ടുകാരെ ഒന്നൊന്നായി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആയെങ്കിലും സ്വന്തം കുഞ്ഞിന്‍റെ അരക്ഷിതാവസ്ഥ ഓര്‍ത്തെങ്കിലും ഷബ്‌നയ്ക്ക് ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
കളമശ്ശേരിയിലെ സ്ഫോടനം ,മാര്‍ട്ടിനെന്ന സെമി വട്ടന്‍റെ പ്രതികാരത്തിന് നിരപരാധികളായ ഏഴ് പേരുടെ ജീവന്‍ പോയി, മരിച്ചവരില്‍ ഒരു മിടുക്കിയായ കൊച്ചു പെണ്‍കുട്ടിയുമുണ്ട്. യഹോവ സാക്ഷികളുടെ സംഗമവേദിയിലാണ് മാര്‍ട്ടിന്‍ ബോംബ് പൊട്ടിച്ചത്. ഒരു പകലൊടുങ്ങും മുമ്പ് അയാളായിട്ട് തന്നെ പൊലീസിനു മുന്നിലെത്തി കീഴടങ്ങി. അതും ഒരു കണക്കിന് നല്ലതായി , അല്ലെങ്കില്‍ രാഷ്ട്രീയ കേരളം എന്തൊക്കെ പറഞ്ഞ് പരത്തുമായിരുന്നു.
ഒടുവില്‍ വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിക്ക് നീതി ലഭിച്ചുവോ എന്ന ചോദ്യം അവശേഷിപ്പിച്ച് തന്നെയാണ് 2023 ന്‍റെ പിടിയിറക്കം. അര്‍ജുന്‍ അല്ല പ്രതിയെങ്കില്‍ മറ്റാരാണ് ആ പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഉത്തരം കണ്ടെത്താന്‍ കേരള പൊലീസിന് ബാധ്യതയുണ്ടെന്ന് അടിവരയിടാം.
കരിങ്കൊടിയുമായി ഇടത് വലത് സംഘടനകളിലെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ തെരുവ് വാണതിനും പടിയിറിങ്ങി പോകുന്ന കാലം സാക്ഷിയായി.
എണ്ണിയെണ്ണി പറഞ്ഞാല്‍ ഇനിയും പറയാനുണ്ട്. കഞ്ചാവും രാസലഹരിമരുന്ന് കടത്തും ചാരായക്കടത്തും സ്പരിറ്റുകടത്തുമൊക്കെ പതിവുപോലെ നടന്നു. കൈക്കൂലിക്കേസുകളും സസ്പെന്‍ഷനുകളും മുറപോലെ ആചരിക്കപ്പെട്ടു. അങ്ങനെ നോക്കിയാല്‍ കേരളത്തെ കടത്തിവെട്ടി മുന്നോട്ട് പായുന്ന കാലചക്രം ഇനിയും ഉരുളും കുറ്റകൃത്യങ്ങളുടെ സ്വാഭാവം അടിമുടി മാറും. അതിനൊത്ത് പൊലീസും നാടും മാറണം, എങ്കിലേ കുറ്റവാളികളെ പിടികിട്ടു. കുറ്റകൃത്യങ്ങളുടെ ഈ തള്ളിക്കയറ്റത്തെ തടയാനും പറ്റൂ ..