തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ രണ്ട് കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്ത് 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.
വാക്‌സിനേഷനിൽ സ്‌ത്രീകൾ മുന്നിൽ
18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കി. സ്‌ത്രീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.
18നും 25നും ഇടയിലുള്ളവരിൽ 25% പേർ
അതേസമയം 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ച് 12 ആഴ്‌ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് നൽകുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് സ്വീകരിക്കാനായത്.
2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള മുൻനിര കൊവിഡ് തൊഴിലാളികൾക്കും ആദ്യഘട്ടത്തില്‍ വാക്‌സിൻ നല്‍കി. സംസ്ഥാനത്ത് 5,15,241 പേർക്ക് വാക്‌സിൻ നല്‍കിയ വെള്ളിയാഴ്‌ചയാണ് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കിയിരുന്നു.
ALSO READ: സംസ്ഥാനത്ത് 20,624 പേര്‍ക്ക് കൂടി കൊവിഡ്; മരണം 80
സംസ്ഥാനത്ത് ഇന്ന് (ശനിയാഴ്‌ച) 3,59,517 പേര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. ഇന്ന് 1,546 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കൊവീഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്‌സിൻ ലഭ്യമായിട്ടുണ്ട്.