തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശത്ത് നിന്ന് വന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലും 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴയില്‍ 13, പത്തനംതിട്ടയില്‍ ഏഴ്, എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ച്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നാല്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന്, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊല്ലം ജില്ലയില്‍ നിന്നുള്ള ഏഴ് പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെയും തിരുവനന്തപുരം, കോട്ടയം, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതുവരെ 999 പേര്‍ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ മരിച്ച ഉസ്മാന്‍ കുട്ടിക്ക് (71) കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.
ഇന്ന് പുതുതായി ഒൻപത് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുത്തോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ പൈവളിക, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.